ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ചരിത്രം കുറിച്ച് പാക്കിസ്ഥാന്റെ സമീര്‍ മിന്‍ഹാസ്. ഇന്ത്യന്‍ താരം വൈഭവ് സൂര്യവന്‍ഷി സ്ഥാപിച്ച ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ റെക്കോര്‍ഡ് മണിക്കൂറുകൾക്കകമാണ് താരം തകർത്തത്. മലേഷ്യക്കെതിരായ മത്സരത്തിൽ പുറത്താകാതെ 177 റൺസ് നേടിയാണ് മിൻഹാസ് ഈ നേട്ടം കൈവരിച്ചത്. ടൂർണമെന്റിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടം നാളെ നടക്കാനിരിക്കെ ഈ റെക്കോർഡ് പ്രകടനങ്ങൾ ആകാംഷ വർദ്ധിപ്പിക്കുന്നു.

മലേഷ്യക്കെതിരായ മത്സരത്തിൽ 148 പന്തിൽ 11 ബൗണ്ടറികളും എട്ട് സിക്സറുകളും സഹിതം പുറത്താകാതെ 177 റൺസാണ് സമീർ മിൻഹാസ് അടിച്ചെടുത്തത്. മിൻഹാസിന് പിന്നാലെ അഹമ്മദ് ഹുസൈനും (132) സെഞ്ചുറി നേടിയതോടെ പാക്കിസ്ഥാൻ 346 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ കേവലം 48 റൺസിന് മലേഷ്യയെ ഓൾഔട്ടാക്കിയ പാകിസ്താൻ 297 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി.

നേരത്തെ, യുഎഇക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വൈഭവ് സൂര്യവൻഷി 95 പന്തിൽ 14 സിക്സറുകളും 9 ഫോറുകളും ഉൾപ്പെടെ 171 റൺസ് നേടിയിരുന്നു. ഇതോടെ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടം വൈഭവിന് സ്വന്തമായിരുന്നു. ഇന്ത്യ ഈ മത്സരത്തിൽ 234 റൺസിന്റെ വലിയ വിജയം നേടിയിരുന്നു.

ദുബായിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, വൈഭവ് സൂര്യവൻഷിയുടെ (95 പന്തിൽ 171) സെഞ്ചുറി കരുത്തിൽ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ യുഎഇ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. 106 പന്തിൽ പുറത്താകാതെ 78 റൺസ് നേടിയ ഉദ്ധിഷ് സുരിയാണ് യുഎഇയുടെ ടോപ് സ്കോറർ. പൃഥ്വി മധു 50 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി ദീപേഷ് രവീന്ദ്രൻ രണ്ട് വിക്കറ്റ് വീഴ്ത്തി.