ദുബായി: ഏഷ്യ കപ്പിലെ നിർണായക ഗ്രൂപ്പ് മത്സരത്തിൽ പാക്കിസ്താനെതിരെ യു.എ.ഇക്ക് 147 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. ഈ മത്സരം ജയിക്കുന്ന ടീമിന് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടാനാകും. ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യ നേരത്തെ സൂപ്പർ ഫോറിലെത്തിയിരുന്നു.

പാകിസ്താനുവേണ്ടി ഓപ്പണർ ഫഖർ സമാൻ 36 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 50 റൺസെടുത്തു. അവസാന ഓവറുകളിൽ ഷഹീൻ ഷാ അഫ്രീദി 14 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 29 റൺസെടുത്ത് പുറത്താകാതെ നിന്നു. നായകൻ സൽമാൻ ആഗ 27 പന്തിൽ 20 റൺസെടുത്തു. 2.4 ഓവറിൽ വെറും ഒമ്പത് റൺസെടുക്കുന്നതിനിടെ സാഹിബ്സാദ ഫർഹാൻ (5), സായിം അയൂബ് (0) എന്നിവരെ പാകിസ്താന് നഷ്ടമായി. മൂന്നാം വിക്കറ്റിൽ ഫഖർ സമാനും സൽമാൻ ആഗയും ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റി.

യു.എ.ഇ ബൗളിംഗിൽ ജുനൈദ് സിദ്ദീഖ് നാല് വിക്കറ്റുകൾ വീഴ്ത്തി. സിംറാൻജിത് സിങ് മൂന്ന് വിക്കറ്റെടുത്തു. മത്സരം നാടകീയതയോടെയാണ് ആരംഭിച്ചത്. മാച്ച് റഫറിയെ മാറ്റണമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐ.സി.സി തള്ളിയതിനെ തുടർന്ന് ടൂർണമെന്റ് ബഹിഷ്കരിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഐ.സി.സിയുടെ അനുനയ ചർച്ചകൾക്കൊടുവിൽ പാകിസ്താൻ മത്സരത്തിൽ കളിക്കാൻ തയ്യാറാവുകയായിരുന്നു. രാത്രി എട്ട് മണിക്ക് നടക്കേണ്ടിയിരുന്ന മത്സരം ഒരു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്.