മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ദാനയുടെ വിവാഹനിശ്ചയം സംബന്ധിച്ച് അഭ്യൂഹങ്ങൾക്ക് വിരാമം. സംഗീത സംവിധായകനും കാമുകനുമായ പലേഷ് മുച്ചൽ സത്യമായത്. പ്രൊപ്പോസൽ സ്മൃതി സ്വീകരിച്ചുവെന്ന് സൂചിപ്പിക്കുന്ന 'She said yes' (അവൾ സമ്മതിച്ചു) എന്ന അടിക്കുറിപ്പോടെയാണ് പലേഷ് വീഡിയോ പോസ്റ്റ് ചെയ്തത്.

ഇന്ത്യ ചരിത്രത്തിൽ ആദ്യമായി വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെ പിച്ചാണ് ഈ പ്രണയനിമിഷത്തിനായി പലേഷ് തിരഞ്ഞെടുത്തത് എന്നത് ശ്രദ്ധേയമായി. കണ്ണുകെട്ടിയ സ്മൃതിയെ ഗ്രൗണ്ടിന്റെ മധ്യത്തിലേക്ക് പലേഷ് നയിക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കണ്ണ് തുറക്കുമ്പോൾ, ലോകകപ്പ് വിജയത്തിന്റെ ഓർമ്മകളിരമ്പുന്ന പിച്ചിൽ, പലേഷ് കാൽമുട്ടുകുത്തിയിരുന്ന് മോതിരം നീട്ടി പ്രൊപ്പോസ് ചെയ്യുന്നതാണ് സ്മൃതിയെ കാത്തിരുന്നത്. ഈ അപ്രതീക്ഷിത സമ്മാനത്തിൽ സന്തോഷം അണപൊട്ടിയ സ്മൃതി ആ പ്രണയാഭ്യർത്ഥന സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ഇരു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

നേരത്തെ, സ്മൃതി മന്ദാനയും സഹതാരങ്ങളായ ജെമീമ റോഡ്രിഗസ്, രാധ യാദവ്, ശ്രേയങ്ക പാട്ടീൽ, അരുന്ധതി റെഡ്ഡി എന്നിവർ ചേർന്ന് നടത്തിയ നൃത്ത വീഡിയോയിലൂടെയാണ് വിവാഹനിശ്ചയം സംബന്ധിച്ച ആദ്യ സ്ഥിരീകരണം പുറത്തുവന്നത്. 'ലഗേ രഹോ മുന്നാ ഭായി' എന്ന ചിത്രത്തിലെ "സംഝോ ഹോ ഹീ ഗയാ" എന്ന പാട്ടിനൊപ്പിച്ച് ചുവടുവെച്ചതിന് ശേഷം, സ്മൃതി തന്റെ മോതിരം ക്യാമറയ്ക്ക് നേരെ ഉയർത്തിക്കാട്ടുന്നതോടെയാണ് വീഡിയോ അവസാനിച്ചത്. സ്മൃതിയും പലേഷും തമ്മിലുള്ള വിവാഹം നവംബർ 23-ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർ ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്.