ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിലെ ഐപിഎൽ മത്സരങ്ങൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ ടി. പ്രഭാകരനാണ് കോടതിയെ സമീപിച്ചത്. മത്സരങ്ങൾ മാറ്റാൻ കഴിയില്ലെങ്കിൽ കർശനമായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സ്റ്റേഡിയത്തിലും പരിസരത്തും നടപ്പാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

സ്റ്റേഡിയത്തിനകത്തോ പുറത്തോ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നും പാർട്ടി ചിഹ്നങ്ങളുമായി കാണികൾ എത്തുന്നത് പൂർണ്ണമായും തടയണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ. ഐപിഎൽ ആവേശം നിലനിൽക്കെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി നാളെ പരിഗണിച്ചേക്കും.

നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ചിഹ്നം 'വിസിൽ' ആയതാണ് ഹർജിക്ക് പിന്നിലെ കൗതുകകരമായ വസ്തുത. ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധക മുദ്രാവാക്യമായ 'വിസിൽ പോട്' എന്നതും സ്റ്റേഡിയത്തിലെ വിസിൽ പ്രയോഗവും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ഹർജിക്കാരൻ. കഴിഞ്ഞ ഞായറാഴ്ച സിഎസ്കെ സംഘടിപ്പിച്ച ഫാൻ മീറ്റിൽ ആരാധകർ വൻതോതിൽ വിസിലുകളുമായി എത്തിയത് ചർച്ചയായിരുന്നു.