ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിന് പിന്നിൽ ബിസിസിഐയിലെ രാഷ്ട്രീയക്കളികളാണെന്ന് മുൻ ഇന്ത്യൻ താരം കാഴ്സൺ ഗാവ്‌റി. ഇരുവരുടെയും അപ്രതീക്ഷിത പിന്മാറ്റം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് ഗാവ്‌റിയുടെ ഗുരുതരമായ ആരോപണം. ഇരുവരും സ്വന്തം താൽപ്പര്യപ്രകാരം വിരമിച്ചതല്ലെന്നും പുറത്തുപോകാൻ നിർബന്ധിതരാവുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കോഹ്‌ലിയും രോഹിത്തും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഐപിഎൽ സീസണിനിടെ വന്ന ഈ തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ മോശം പ്രകടനമാണ് ഇരുവരെയും ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഈ വാദങ്ങളെ തള്ളിക്കളയുന്നതാണ് ഘാവ്‌രിയുടെ വെളിപ്പെടുത്തൽ. താരങ്ങളുടെ മോശം ഫോമല്ല, മറിച്ച് ബിസിസിഐയിലെ ആഭ്യന്തര രാഷ്ട്രീയമാണ് ഈ നിർണായക തീരുമാനത്തിന് പിന്നിലെന്ന് ഗാവ്‌റി തുറന്നടിച്ചു.

'വിരാട് കോലിക്ക് ഇനിയും രണ്ടു വർഷം കൂടി ഇന്ത്യക്ക് വേണ്ടി കളിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ എന്തോ ഒന്ന് അദ്ദേഹത്തെ വിരമിക്കാൻ നിർബന്ധിച്ചു,' വിക്കി ലാൽവാനി ഷോയിൽ സംസാരിക്കവെ ഘാവ്‌രി പറഞ്ഞു. 'ഇന്ത്യൻ ക്രിക്കറ്റിന് ഇത്രയധികം സംഭാവനകൾ നൽകിയ കളിക്കാരന് ഗംഭീരമായ ഒരു യാത്രയയപ്പ് നൽകാൻ പോലും ബിസിസിഐ തയ്യാറായില്ല എന്നത് ദൗർഭാഗ്യകരമാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു.

കോലിയുടെയും രോഹിത്തിന്റെയും വിരമിക്കലിന് ഉത്തരവാദി സെലക്ഷൻ പാനലാണെന്നും ഘാവ്‌രി കുറ്റപ്പെടുത്തി. 'അവർ കളി തുടരാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സെലക്ടർമാർക്കും ബിസിസിഐക്കും മറ്റു ചില പദ്ധതികളായിരുന്നു. അവരോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് ബിസിസിഐയിലെ ചില തരംതാണ രാഷ്ട്രീയ കളികളുടെ ഫലമാണ്,' അദ്ദേഹം വ്യക്തമാക്കി. അതേസമയം, ടെസ്റ്റ് ക്രിക്കറ്റിന് പിന്നാലെ .ഏകദിന ക്രിക്കറ്റിൽ നിന്നും ഇരുവരും ഉടൻ വിരമിക്കുമെന്നും വാർത്തകളുണ്ടായിരുന്നു.