- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വൈറ്റ് ബോള് ക്രിക്കറ്റിലെ അവന്റെ സമീപകാല ഫോം അത്ര മികച്ചതായിരുന്നില്ല'; ആ താരത്തെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയത് വിശ്വസിക്കാനാവുന്നില്ലെന്ന് റിക്കി പോണ്ടിങ്
സിഡ്നി: വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് ഓപ്പണർ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയതിലുള്ള ഞെട്ടൽ തുറന്നുപറഞ്ഞ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഗില്ലിനെപ്പോലൊരു താരത്തെ ഒഴിവാക്കിയത് വിശ്വസിക്കാനായില്ലെന്നും, ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭകളുടെ ബാഹുല്യം ഇത് വ്യക്തമാക്കുന്നുവെന്നും പോണ്ടിംഗ് ഐസിസിയുടെ പ്രതിമാസ അവലോകനത്തിൽ വ്യക്തമാക്കി.
സമീപകാലത്തെ വൈറ്റ് ബോൾ ക്രിക്കറ്റിലെ മോശം പ്രകടനങ്ങൾ ഗില്ലിനുണ്ടായിരുന്നുവെങ്കിലും, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചതെന്നും പോണ്ടിംഗ് ചൂണ്ടിക്കാട്ടി. "ശുഭ്മാൻ ഗില്ലിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ എനിക്കത് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. സമീപകാലത്തെ അവന്റെ വൈറ്റ് ബോൾ ഫോം അത്ര മികച്ചതായിരുന്നില്ല എന്നത് ശരിയാണ്. എങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. അതിനാൽ ഈ തീരുമാനം എന്നെ അത്ഭുതപ്പെടുത്തി," പോണ്ടിംഗ് പറഞ്ഞു. ശുഭ്മാൻ ഗില്ലിനെപ്പോലൊരു കളിക്കാരനുപോലും ലോകകപ്പ് ടീമിൽ ഇടമില്ലെങ്കിൽ ഇന്ത്യയുടെ താരനിര എത്രത്തോളം ശക്തമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ഐസിസി ടൂർണമെന്റിനും ആരെ ഒഴിവാക്കുമെന്ന പ്രതിസന്ധിയാണ് ഇന്ത്യൻ സെലക്ടർമാർ നേരിടുന്നതെന്നും പോണ്ടിംഗ് വിലയിരുത്തി.
കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പ് മുതൽ ടി20 ടീമിന്റെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായിരുന്നു ശുഭ്മാൻ ഗിൽ. ലോകകപ്പ് ടീമിൽ ഗിൽ സ്ഥാനം ഉറപ്പിച്ചതായി കരുതപ്പെട്ടിരുന്നുവെങ്കിലും, അവസാനമായി കളിച്ച 18 ഇന്നിംഗ്‌സുകളിൽ ഒരു അർധസെഞ്ചുറി പോലും നേടാനാകാത്തത് താരത്തിന് തിരിച്ചടിയായി. നേരത്തെ, ഓപ്പണറെന്ന നിലയിൽ മൂന്ന് സെഞ്ചുറികൾ നേടിയ മലയാളി താരം സഞ്ജു സാംസണെ മാറ്റിയാണ് ഗില്ലിനെ ഓപ്പണറാക്കിയത്. സഞ്ജു സാംസൺ പിന്നീട് മധ്യനിരയിൽ കളിച്ചെങ്കിലും പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ, ഗില്ലിന്റെ ഫോം മങ്ങിയതോടെ സഞ്ജു സാംസണെ വീണ്ടും ലോകകപ്പ് ടീമിന്റെ ഓപ്പണറായി തിരഞ്ഞെടുക്കുകയായിരുന്നു.




