- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഎസ്എല്‍ വേദി യുഎഇയിലേക്ക് മാറ്റി പാക് ക്രിക്കറ്റ് ബോര്‍ഡ്; റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യ തകര്‍ത്തതിന് പിന്നാലെയാണ് തീരുമാനമെടുത്ത് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്; ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് പ്രസ്താവന
പിഎസ്എല്‍ വേദി യുഎഇയിലേക്ക് മാറ്റി പാക് ക്രിക്കറ്റ് ബോര്‍ഡ്
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗായ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വേദി യുഎഇയിലേക്ക് മാറ്റിയതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാന്‍ - ഇന്ത്യ സംഘര്‍ഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യ തകര്‍ത്തതിന് പിന്നാലെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നീങ്ങേണ്ടി വന്നതെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഇന്നലെ നടക്കാനിരുന്ന മാച്ച് നേരത്തെ പിസിബി റദ്ദാക്കിയിരുന്നു.
ഇന്ത്യയെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രതികരണവും പിസിബി അധ്യക്ഷന്‍ മുഹ്‌സിന്‍ നഖ്വി നടത്തിയിട്ടുണ്ട്. 'രാഷ്ട്രീയവും കായികരംഗവും വേര്‍തിരിച്ചു നിര്‍ത്താനാണ് ഞങ്ങള്‍ എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. പക്ഷെ തികച്ചും നിരുത്തരവാദപരവും അപകടകരവുമായ രീതിയില്‍ ഇന്ത്യ റാവല്‍പിണ്ടി സ്റ്റേഡിയം തകര്‍ത്തു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ തകര്‍ക്കുക എന്ന ഉദ്ദേശം കൂടി ഇതിന് പിന്നിലുണ്ടായിരുന്നു എന്ന് വ്യക്തമാണ്.
അതുകൊണ്ട് തന്നെ ലീഗിന്റെ വേദി യുഎഇയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതുവഴി ഇന്ത്യയുടെ ഈ വഴിവിട്ട ആക്രമണങ്ങളില്‍ നിന്ന് കളിക്കാരെ, പ്രത്യേകിച്ച ഞങ്ങളുടെ പ്രിയപ്പെട്ട അതിഥികളായ വിദേശതാരങ്ങളെ സംരക്ഷിക്കാനാകുമെന്ന് കരുതുന്നു,' മുഹ്‌സിന്‍ നഖ്വി പറഞ്ഞു.
പഹല്‍ഗാമില്‍ നടന്ന തീവ്രവാദ ആക്രമണത്തിന് തിരിച്ചടിയായി, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങളിലേക്ക് ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്തുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഈ സംഘര്‍ഷം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ പിഎസ്എല്‍ ടീമുകളിലെ തങ്ങളുടെ താരങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് വിവിധ രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. ഇതു കൂടി കണക്കിലെടുത്തുകൊണ്ടാണ് പാകിസ്ഥാനില്‍ നിന്നും വേദി മാറ്റാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതമായിരിക്കുന്നത്.
അതേസമയം, പാകിസ്ഥാന്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇന്ന് നടന്നുവന്ന മത്സരവും റദ്ദാക്കി. ധരംശാലയിലെ പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരമാണ് റദ്ദാക്കിയത്. സീസണിലെ ബാക്കിയുള്ള മത്സരങ്ങളുടെ കാര്യത്തില്‍ അടുത്ത ദിവസം തീരുമാനം അറിയിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിട്ടുള്ളത്.