ലഹോര്‍: പാക്കിസ്ഥാനിലെ ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച 'ഓപ്പറേഷന്‍ സിന്ദൂറിനു' പിന്നാലെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യം ഭീകരതാവളങ്ങള്‍ തകര്‍ക്കുകയും പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കുകയും ചെയ്തതോടെ പിഎസ്എല്ലില്‍ നിന്നും പിന്‍വാങ്ങാന്‍ ഒരുങ്ങുകയാണ് വിദേശതാരങ്ങള്‍. രാജ്യം വിടണമെന്ന ആവശ്യമുന്നയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളടക്കം ഫ്രാഞ്ചൈസികളെ സമീപിച്ചു.

മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ടീമിന്റെ താരങ്ങളായ ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍ എന്നീ താരങ്ങളാണ് എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന ആവശ്യം ഫ്രാഞ്ചൈസിയെ അറിയിച്ചത്. പാക്ക് സൂപ്പര്‍ ലീഗില്‍നിന്ന് ടീം പുറത്തായി. അതുകൊണ്ട് ഇനി കളിക്കാന്‍ താല്‍പര്യമില്ലെന്ന് രണ്ടു താരങ്ങളും നിലപാടെടുത്തതായി ഒരു പാക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.

ഇന്ത്യയുടെ മിന്നലാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനിലുള്ള ഇംഗ്ലണ്ട് താരങ്ങളെയെല്ലാം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ബന്ധപ്പെട്ടിരുന്നു. താരങ്ങളോടു നാട്ടിലേക്കു തിരിച്ചുപോകാന്‍ ഇംഗ്ലണ്ട് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ല. ഏഴ് ഇംഗ്ലിഷ് താരങ്ങളാണ് പാക്ക് സൂപ്പര്‍ ലീഗ് കളിക്കാനായി പാക്കിസ്ഥാനിലുള്ളത്. സാം ബില്ലിങ്‌സ്, ജെയിംസ് വിന്‍സ്, ടോം കറന്‍, ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍, ടോം കോലര്‍ കാഡ്‌മോര്‍, ലൂക്ക് വുഡ് എന്നിവരാണ് വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പമുള്ളത്.

പിഎസ്എല്ലില്‍ കളിക്കുന്ന താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ബംഗ്ലാദേശ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. പിസിബിയുമായും ഇസ്ലാമബാദിലെ ബംഗ്ലാദേശ് ഹൈകമ്മിഷനുമായും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ബന്ധപ്പെടുന്നുണ്ട്. താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ബിസിബി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. വരാനിരിക്കുന്ന ബംഗ്ലാദേശ്-പാക്കിസ്ഥാന്‍ ട്വന്റി 20 പരമ്പരയും അനിശ്ചിതത്വത്തിലാണ്. ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ക്കനുസരിച്ച് മാത്രമേ പരമ്പര നടക്കൂ. പരമ്പര നടക്കുന്നത് പാക്കിസ്ഥാനിലാണെന്നതാണ് ആശങ്കയിലാക്കുന്നത്. ബംഗ്ലാദേശ് പാക്കിസ്ഥാനില്‍ പോയി കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്.

താരങ്ങളെ മടക്കി അയക്കാന്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചാല്‍ തന്നെ നിലവില്‍ അതിനു വഴികളില്ലെന്നതാണു സത്യം. ഇന്ത്യയുടെ മിസൈലാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന്‍ എയര്‍ സ്‌പേസ് 48 മണിക്കൂര്‍ നേരത്തേക്ക് അടച്ചിരിക്കുകയാണ്. പാക്കിസ്ഥാനിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇന്ത്യയുടെ സൈനിക നീക്കത്തില്‍ പാക്കിസ്ഥാനിലുള്ള വിദേശ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആശങ്കയുണ്ടെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതുവരെ ഒരു വിദേശതാരവും പിഎസ്എല്‍ വിടണമെന്ന അപേക്ഷയുമായി വന്നിട്ടില്ലെന്ന് ഒരു പാക് ക്രിക്കറ്റ് ബോര്‍ഡംഗം പ്രതികരിച്ചു. ഫ്രാഞ്ചൈസികളോട് അത്തരത്തിലുള്ള വിഷയം വിദേശതാരങ്ങള്‍ സൂചിപ്പിച്ചിട്ടില്ലെന്ന് മീഡിയ മാനേജര്‍മാരും വ്യക്തമാക്കുന്നു. ലീഗില്‍ ആറ് ഫ്രാഞ്ചൈസികളാണ് കളിക്കുന്നത്. ഓരോ ടീമിലും ആറോളം വിദേശതാരങ്ങളുമുണ്ട്. ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങളും നോക്കൗട്ട് സ്റ്റേജ് മത്സരങ്ങളും തീരുമാനിച്ചതുപ്രകാരം തന്നെ നടക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു.

അതേസമയം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നിര്‍ത്തിവയ്‌ക്കേണ്ടതില്ലെന്നാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ഗ്രൂപ്പ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലായതിനാല്‍ പ്ലേ ഓഫും ഫൈനലും തീരുമാനിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. പാക്കിസ്ഥാന്‍ വിടണമെന്ന് വിദേശ താരങ്ങളാരും ആവശ്യമുന്നയിച്ചിട്ടില്ലെന്നും പാക്ക് ബോര്‍ഡ് അവകാശപ്പെട്ടു.