ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഉണ്ടായ പന്ത് ചുരണ്ടല്‍ വിവാദം. സംഭവത്തില്‍ ആരോപണ വിധേയനായ ഫഖര്‍ സമാനെ 48 മണിക്കൂറിനുളളില്‍ വിളിച്ചു വരുത്തും. കടുത്ത നടപടിയെടുക്കുമെന്ന് പിസിബി വ്യക്തമാക്കി. താരത്തിന് പറയാനുള്ളത് കേട്ട ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ മത്സരത്തിന് ശേഷം മാച്ച് റഫറി റോഷന്‍ മഹാനാമയുടെ നേതൃത്വത്തില്‍ ഫഖര്‍ സമാനെ ചോദ്യം ചെയ്തെങ്കിലും ആരോപണം താരം നിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം പിഎസ്എല്ലില്‍ നടന്ന ലാഹോര്‍ ഖലന്തേഴ്‌സ് കറാച്ചി കിങ്സ് മത്സരത്തിനിടെയാണ് സംഭവം ഉണ്ടായത്. അവസാന ഓവറില്‍ കറാച്ചി കിങ്സിന് വിജയിക്കാന്‍ 14 റണ്‍സ് ആവശ്യമായിരുന്നു. ഓവര്‍ ഏറിയും മുന്‍പ് ലാഹോര്‍ നായകന്‍ ഷഹീന്‍ അഫ്രീദി, ബൗളര്‍ ഹാരിസ് റൗഫ്, ഫഖര്‍ സമാന്‍ എന്നിവര്‍ ഗ്രൗണ്ടില്‍ ഒത്തു കൂടി. ഈ സമയത്ത് ഫഖര്‍ സമാന്‍ ബൗള്‍ കയ്യില്‍ വെച്ച് അമര്‍ത്തുകയും തുടര്‍ന്ന് പന്ത് ബൗളര്‍ ഹാരിസ് റൗഫിന് കൈമാറുകയും ചെയ്തു. ഇതില്‍ സംശയം തോന്നിയ അമ്പയര്‍ പന്ത് വാങ്ങി പരിശോധിച്ചു.


പന്തിന് രൂപമാറ്റം സംഭവിച്ചു എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കറാച്ചി കിങ്സിന് അഞ്ച് റണ്‍സ് പെനാല്‍റ്റി റണ്‍സ് അനുവദിക്കുകയും ചെയ്തു. ഇതോടെ കറാച്ചി കിങ്സിന് ജയിക്കാന്‍ ആവശ്യമായ റണ്‍സ് 14ല്‍ നിന്ന് 9 ആയി കുറഞ്ഞു. കൂടാതെ മത്സരത്തിനായി പുതിയ പന്ത് ആണ് പിന്നീട് ഉപയോഗിച്ചത്. മത്സരത്തില്‍ ലാഹോര്‍ ഖലന്തേഴ്‌സിനെ 4 വിക്കറ്റിന് കറാച്ചി കിങ്സ് പരാജയപ്പെടുത്തിയിരുന്നു.