- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധോണി 'ഇംപാക്ട് പ്ലെയറല്ല', ടീമിലുണ്ടെങ്കിൽ ഇലവനിൽ വേണം; സഞ്ജു സാംസൺ എത്തിയാലും 'തല' തന്നെ ടീമിന്റെ കോമ്പസ്; താല്പര്യമില്ലെങ്കിൽ അദ്ദേഹം വിരമിക്കുമായിരുന്നുവെന്നും ആർ. അശ്വിൻ

ചെന്നൈ: വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിൽ എം.എസ്. ധോണിയുടെ റോളെന്താണെന്ന ചർച്ചകൾക്കിടെ നിലപാട് വ്യക്തമാക്കി സ്റ്റാർ സ്പിന്നർ ആർ. അശ്വിൻ. ധോണിയെ ഒരു ഇംപാക്ട് പ്ലെയറായി മാത്രം ഉപയോഗിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം ടീമിലുണ്ടെങ്കിൽ പ്ലേയിങ് ഇലവനിൽ തന്നെ വേണമെന്നും അശ്വിൻ പറഞ്ഞു. വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ വരവോടെ ചെന്നൈ ടീമിലെ ധോണിയുടെ സ്ഥാനത്തെക്കുറിച്ച് സംശയമുന്നയിക്കുന്നവർക്കുള്ള മറുപടിയുമായാണ് അശ്വിൻ രംഗത്തെത്തിയത്.
ധോണി വെറുമൊരു ഇംപാക്ട് പ്ലെയറാകേണ്ടവനല്ലെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തി'ൽ വ്യക്തമാക്കി. "ധോണിക്ക് കളിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന് 100 ശതമാനം വിശ്വാസമുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി അദ്ദേഹം പരിശീലനത്തിലാണ്. കളിക്കാൻ താല്പര്യമില്ലെങ്കിൽ അദ്ദേഹം വിരമിക്കുമായിരുന്നു. ധോണി ടീമിലുണ്ടെങ്കിൽ പിന്നെ ചർച്ചകൾക്ക് സ്ഥാനമില്ല, അദ്ദേഹം ഇലവനിലുണ്ടാകണം," അശ്വിൻ പറഞ്ഞു. ധോണി ഇനി ടോപ്പ് 6 ബാറ്ററല്ലെന്ന എബി ഡിവില്ലിയേഴ്‌സിന്റെ നിരീക്ഷണത്തോട് അശ്വിൻ യോജിക്കുന്നുണ്ടെങ്കിലും കീപ്പിങ്ങിലും ഫീൽഡ് സെറ്റിങ്ങിലും ധോണിയുടെ സാന്നിധ്യം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബാറ്റിംഗിലെ പ്രകടനത്തേക്കാൾ ഉപരിയായി നായകൻ ഋതുരാജ് ഗെയ്ക്‌വാദിന് മൈതാനത്ത് കൃത്യമായ ദിശാബോധം നൽകാൻ ധോണിയുടെ സാന്നിധ്യം സഹായിക്കുമെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. "അദ്ദേഹം വെറുമൊരു ബാറ്ററല്ല, ഋതുരാജിന്റെ ഓൺഫീൽഡ് കോമ്പസാണ്. പുതിയ ബൗളിംഗ് നിരയെ നയിക്കാൻ ധോണിയുടെ അനുഭവം ചെന്നൈയ്ക്ക് കരുത്താകും. ടീമിലെ 'ബിഗ് ബ്രദർ' റോളാണ് അദ്ദേഹത്തിന്റേത്," അശ്വിൻ വിശദീകരിച്ചു.
കഴിഞ്ഞ സീസണുകളിൽ ഏഴോ എട്ടോ നമ്പറുകളിലാണ് ധോണി ബാറ്റ് ചെയ്തിരുന്നത്. ഇത്തവണ സഞ്ജു സാംസൺ കൂടി എത്തുന്നതോടെ ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ കരുത്ത് ലഭിക്കും. ഇത് ധോണി നേരത്തെ ക്രീസിലെത്തേണ്ട സാഹചര്യം ഒഴിവാക്കിയേക്കാം. എങ്കിലും അവസാന ഓവറുകളിൽ തകർത്തടിക്കാനും വിക്കറ്റിന് പിന്നിൽ നിന്ന് കളി നിയന്ത്രിക്കാനും ധോണിക്ക് സാധിക്കുമെന്ന് അശ്വിൻ വിശ്വസിക്കുന്നു. 44-ാം വയസ്സിലും ധോണി കാട്ടുന്ന ആവേശം അദ്ദേഹം ഇനിയും ടീമിന് നിർണ്ണായകമാണെന്നതിന്റെ തെളിവാണെന്നും അശ്വിൻ പറഞ്ഞു.


