റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി. റെയിൽവേസിനോട് 131 റൺസിനാണ് കേരളം പരാജയപ്പെട്ടത്. റെയിൽവേസ് ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളം 42.3 ഓവറിൽ 137 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 268 റൺസ് നേടി. റെയിൽവേസ് നിരയിൽ ഷിപ്ര ഗിരി നേടിയ തകർപ്പൻ സെഞ്ച്വറിയാണ് (114 പന്തിൽ 16 ബൗണ്ടറികളടക്കം 118 റൺസ്) അവർക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

12 റൺസെടുത്ത ഓപ്പണർ ഝാൻസി ലക്ഷ്മിയുടെ വിക്കറ്റ് തുടക്കത്തിൽ നഷ്ടമായെങ്കിലും, ഷിപ്രയും നസ്ഹത് പർവീണും (35 റൺസ്) ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് നസ്ഹത്തിനെയും ആരുഷി ഗോയലിനെയും എസ്. ആശ ഒരേ ഓവറിൽ പുറത്താക്കിയെങ്കിലും, ഷിപ്രയും ഭാവന ഗോപ്ലാനിയും (68 റൺസ്) ചേർന്ന് നാലാം വിക്കറ്റിൽ 113 പന്തുകളിൽ നിന്ന് 136 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. കേരളത്തിനായി എസ്. ആശ മൂന്ന് വിക്കറ്റെടുത്തപ്പോൾ, മൃദുല വി.എസ്, സജന സജീവൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ക്യാപ്റ്റൻ ടി. ഷാനിയും അക്ഷയയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 75 റൺസ് കൂട്ടിച്ചേർത്തു. ഷാനി 46 റൺസും അക്ഷയ 29 റൺസുമെടുത്ത് പുറത്തായി. എന്നാൽ, പിന്നീട് ക്രീസിലെത്തിയ ബാറ്റർമാർക്ക് കൂട്ടത്തോടെ താളം കണ്ടെത്താനായില്ല. സജന സജീവൻ (10), നജ്‌ല സി.എം.സി (12), വൈഷ്ണ എം.പി (15) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. റെയിൽവേസിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി പൂനം യാദവ് കേരള ബാറ്റിങ് നിരയെ തകർത്തപ്പോൾ, എസ്.പി. ഐഷ് മൂന്നും ഏക്ത ബിഷ്ട് രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.