ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ബര്‍സാപുരാ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ഇക്കുറിയും സഞ്ജു സാംസണ്‍ ഇംപാക്ട് പ്ലെയറായി തന്നെയാണ് ഇറങ്ങുന്നത്. റിയാന്‍ പരാഗാണ് ക്യാപ്റ്റന്‍. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനോട് തോറ്റാണ് രാജസ്ഥാന്‍ ഇന്ന് ഇറങ്ങുന്നത്. അതേസമയം, കൊല്‍ക്കത്ത ബെംഗളൂരുവിനോട് തോറ്റാണ് മത്സരത്തിന് ഇറങ്ങുന്നത്.

രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ 2025 ലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ പൂര്‍ണ്ണമായും പരിക്കില്‍ നിന്നും മോചിതനാകാതെയാണ് മലയാളി താരം സഞ്ജു സാംസണ്‍ എത്തിയിരുന്നത്. വിക്കറ്റ് കീപ്പര്‍ റോളില്‍ ഇല്ലാതെ ക്യാപ്റ്റന്‍ സ്ഥാനം റിയാന്‍ പരാഗിനെ ഏല്‍പ്പിച്ച് ഇമ്പാക്ട് പ്ലെയര്‍ ആയിട്ടാണ് സഞ്ജുവെത്തിയത്. എന്നിട്ടും താരം മിന്നും പ്രകടനമാണ് നടത്തിയത്.

37 പന്തില്‍ നാല് സിക്സറും ഏഴ് ഫോറുകളും അടക്കം 66 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്. ധ്രുവ് ജൂറലിനൊത്ത് 100 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും താരം നേടിയെടുത്തു. കജഘ ല്‍ 4000 റണ്‍സ് എന്ന നാഴിക കല്ലും താരം പൂര്‍ത്തിയാക്കി. 142 ഇന്നിങ്‌സില്‍ നിന്നായിരുന്നു ഈ നേട്ടം.

പക്ഷെ മത്സരം രാജസ്ഥാന്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനോട് 44 റണ്‍സിന് തോറ്റു. ഇഷാന്‍ കിഷന്റെ വെടിക്കെട്ട് സെഞ്ച്വറി പ്രകടനമാണ് എസ് ആര്‍ എച്ചിന് തുണയായത്. അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ക്ലാസന്‍ എന്നിവരും മിന്നും പ്രകടനം നടത്തി. 20, 34 , 30 എന്നിങ്ങനെയാണ് യഥാക്രമം ഈ താരങ്ങള്‍ നേടിയത്. ഏതായാലും രാജസ്ഥാന്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. ഇത്തവണയും ഇമ്പാക്ട് റോളിലാണ് താരമെത്തുക. രാജസ്ഥാന്റെ ആദ്യ മൂന്ന് മത്സരങ്ങളില്‍ പരാഗ് ആവും ടീമിനെ നയിക്കുക എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.