- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ദിനം തൊട്ട് പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുമെന്ന് കണക്കുകൂട്ടല്‍; സെമിയില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം; സെഞ്ചുറിയുമായി അസ്ഹറുദ്ദീന്‍; കൂട്ടിന് സല്‍മാന്‍ നിസാറും; രണ്ടാം ദിനം കേരളം മികച്ച നിലയില്‍
ഗുജറാത്തിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം
അഹമ്മദാബാദ്: രഞ്ജി ട്രോഫി ഫൈനലില്‍ ഗുജറാത്തിനെതിരേ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കേരളം പൊരുതുന്നു. ആദ്യദിനം കരുതലോടെയാണ് നീങ്ങിയ സച്ചിനും സംഘവും രണ്ടാം ദിനത്തിന്റെ ആദ്യ സെഷനില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നേടിയ സെഞ്ചുറിയുടെ കരുത്തില്‍ മുന്നേറുകയാണ്. 134 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ്. മികച്ച പിന്തുണയുമായി സല്‍മാന്‍ നിസാറും ക്രീസില്‍ കൂട്ടിനുണ്ട്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 119 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ആറാംവിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീനും തകര്‍പ്പനടിക്കാരന്‍ സല്‍മാന്‍ നിസാറും ഒന്നുചേര്‍ന്നതോടെ ഗുജറാത്ത് ബൗളിങ് നിര ഒന്നടങ്കം വിയര്‍ത്തു. ആദ്യ ഇന്നിങ്സ് ലീഡ് പ്രതീക്ഷിച്ച് ബാറ്റുചെയ്യുന്ന കേരളത്തിന് രണ്ടാംദിനം ആദ്യ സെഷനില്‍ തലേന്നത്തെ ഹീറോ സച്ചിന്‍ ബേബിയെ മാത്രമാണ് നഷ്ടപ്പെട്ടത്. രണ്ടാംദിനം നേരിട്ട രണ്ടാംപന്തില്‍ത്തന്നെ സച്ചിന്‍ മടങ്ങി. അര്‍സാന്‍ നഗ്വാസ്വല്ലയെറിഞ്ഞ ഓവറില്‍ ആര്യന്‍ ദേശായിക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. 195 പന്തില്‍ എട്ട് ഫോര്‍ സഹിതം 69 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. തലേന്നത്തെ സ്‌കോറിനോട് ഒന്നും ചേര്‍ത്തിരുന്നില്ല.
തുടര്‍ന്ന് അസ്ഹറുദ്ദീനും സല്‍മാന്‍ നിസാറും ക്രീസില്‍ ഒന്നിച്ചു. ഗുജറാത്ത് നിരയില്‍ നഗ്വാസ്വല്ലയ്ക്ക് രണ്ട് വിക്കറ്റുണ്ട്. രവി ബിഷ്‌ണോയ്, പ്രിയജീത് ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ റണ്ണൗട്ടായാണ് പുറത്തായത്. നാലുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയില്‍ കഴിഞ്ഞ ദിവസം സ്റ്റമ്പെടുത്തിരുന്നു. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും (71 പന്തില്‍ 30) രോഹന്‍ കുന്നുമ്മലും (68 പന്തില്‍ 30) അരങ്ങേറ്റ താരം വരുണ്‍ നായനാരും (55 പന്തില്‍ 10) ജലജ് സക്സേനയും 30 ആണ് നേരത്തേ പുറത്തായത്.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ച് മൂന്നാംദിനംതൊട്ട് സ്പിന്നര്‍മാരെ തുണയ്ക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ആദ്യ ഇന്നിങ്‌സില്‍ പരമാവധി റണ്‍സ് സ്‌കോര്‍ചെയ്ത് ലീഡുനേടുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. കളി സമനിലയായാലും ലീഡുനേടിയാല്‍ ഫൈനലിലെത്താം. കേരളത്തിന് ടോസ് കിട്ടിയതോടെ ഈ ഗെയിംപ്ലാനിലെ ആദ്യപടി കടന്നു. ആദ്യദിനംമുഴുവന്‍ പിടിച്ചുനിന്നതോടെ പകുതിയോളം പൂര്‍ത്തിയായി. ശക്തമായ ബാറ്റിങ്‌നിരയുള്ള ഗുജറാത്തിനെതിരേ ലീഡുനേടണമെങ്കില്‍ 350-400 റണ്‍സ് നേടണമെന്നാണ് ടീമിന്റെ കണക്കുകൂട്ടല്‍.
രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. 2018-19 സീസണിലെ സെമിയില്‍ വിദര്‍ഭയോട് തോറ്റു. 2016-17 സീസണില്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് 2019-20 സീസണിലാണ് അവസാനമായി സെമിയിലെത്തിയത്. ഈ സീസണില്‍ കേരളത്തിന്റെ പരിശീലകനായെത്തിയ അമേയ് ഖുറേസിയുടെ ആസൂത്രണമികവും പരിചയസമ്പന്നരായ ഒരുകൂട്ടം കളിക്കാരുടെ ഒത്തൊരുമയുമാണ് കേരളത്തിന്റെ മുന്നേറ്റത്തിനു പിന്നില്‍. മറ്റൊരു സെമിയില്‍ വിദര്‍ഭ മുംബൈക്കെതിരേ ശക്തമായ നിലയിലാണ്.