- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൻമേജയ് ജോഷിക്ക് നാല് വിക്കറ്റ്;രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജാർഖണ്ഡിനെ എറിഞ്ഞിട്ട് ഉത്തരാഖണ്ഡ്; ആദ്യ ഇന്നിംഗ്‌സിൽ 235 റൺസിന് പുറത്ത്; ആദിത്യ സിംഗിന് അർധസെഞ്ചുറി

ജംഷഡ്‌പൂർ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിന്റെ ആദ്യ ദിനം ജാർഖണ്ഡിനെതിരെ ഉത്തരാഖണ്ഡിന് മുൻതൂക്കം. ജംഷഡ്‌പൂരിലെ കീനൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഉത്തരാഖണ്ഡ് ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിന് മുന്നിൽ ജാർഖണ്ഡ് ആദ്യ ഇന്നിംഗ്‌സിൽ 235 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡ് വിക്കറ്റ് നഷ്ടപ്പെടാതെ നാല് റൺസ് എടുത്തിട്ടുണ്ട്.
പേസർ ജൻമേജയ് ജോഷി നാല് വിക്കറ്റ് വീഴ്ത്തി ഉത്തരാഖണ്ഡ് ബൗളിംഗിന് നേതൃത്വം നൽകിയപ്പോൾ, ഇടങ്കയ്യൻ സ്പിന്നർ മായങ്ക് മിശ്രയും 18 വയസ്സുകാരൻ പേസർ ആദിത്യ റാവത്തും മൂന്ന് വിക്കറ്റുകൾ വീതം നേടി പിന്തുണ നൽകി. തന്റെ ഉയരം മുതലെടുത്ത് കൃത്യമായ ലെങ്തിൽ പന്തെറിഞ്ഞ ജോഷി, ജാർഖണ്ഡ് ബാറ്റ്‌സ്മാൻമാരെ നിരന്തരം പരീക്ഷിച്ചു. ഫോമിലുള്ള ഓപ്പണർ ശിഖർ മോഹൻ (4), മൂന്നാം നമ്പറിലിറങ്ങിയ മനീഷി (20) എന്നിവരെ പുറത്താക്കിയാണ് ജോഷി വിക്കറ്റ് വേട്ട തുടങ്ങിയത്.
ഉജ്ജ്വലമായി ബാറ്റ് ചെയ്ത ആദിത്യ സിംഗി (83)നെ പുറത്താക്കി ജാർഖണ്ഡ് ഇന്നിംഗ്‌സിന് വിരാമമിട്ടതും ജോഷി തന്നെയായിരുന്നു. യുവതാരം ആദിത്യ റാവത്ത് തന്റെ രണ്ടാം സ്പെല്ലിലാണ് മികച്ച പ്രകടനം പുറത്തെടുത്തത്. കുമാർ കുഷാഗ്ര(14), റോബിൻ മിൻസ് (0) എന്നിവരെ തുടർച്ചയായ ഓവറുകളിൽ പുറത്താക്കി റാവത്ത് ജാർഖണ്ഡിന് ഇരട്ട പ്രഹരം നൽകി. ഒരു ഘട്ടത്തിൽ 80 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ തകർന്ന ജാർഖണ്ഡിനെ ആദിത്യ സിംഗിന്റെ (83) ഒറ്റയാൾ പോരാട്ടമാണ് മാന്യമായ സ്കോറിലെത്തിച്ചത്. നായകൻ വിരാട് സിംഗിനൊപ്പം ചേർന്ന് ആറാം വിക്കറ്റിൽ 90 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ആദിത്യ ടീമിനെ കരകയറ്റുകയായിരുന്നു.


