ദുബായ്: ഏഷ്യാ കപ്പ് ടി20 ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റുകൾ വീഴ്ത്തിയ ബൗളറെന്ന റെക്കോർഡ് ഇനി അഫ്ഗാനിസ്ഥാൻറെ സൂപ്പർ താരം റാഷിദ് ഖാന് സ്വന്തം. ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന്റെ റെക്കോർഡ് തകർത്താണ് റാഷിദ് ഖാൻ ഏഷ്യാ കപ്പിൽ ചരിത്രം കുറിച്ചത്. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, റാഷിദ് നാല് ഓവറിൽ വെറും 26 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഈ പ്രകടനത്തിലൂടെയാണ് ടി20 ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളറെന്ന റെക്കോർഡാണ് താരം സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് 12 വിക്കറ്റുകളുമായി ഭുവനേശ്വർ കുമാറായിരുന്നു ഈ റെക്കോർഡിന് ഉടമ. എന്നാൽ, റാഷിദ് ഇപ്പോൾ 10 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളുമായി ഈ ലിസ്റ്റിൽ ഒന്നാമതെത്തി.

ബംഗ്ലാദേശ് ഇന്നിങ്‌സിലെ ഏഴാം ഓവറിൽ സെയ്ഫ് ഹസ്സനെ ഗൂഗ്ലിയിലൂടെ ബൗൾഡ് ചെയ്തുകൊണ്ടായിരുന്നു റാഷിദ് തന്റെ ആദ്യ വിക്കറ്റ് നേടിയത്. പിന്നീട് നാലാം ഓവറിൽ ഷമിം ഹൊസൈനെ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ താരം റെക്കോർഡ് നേട്ടത്തിലെത്തി. ഭുവനേശ്വർ കുമാർ 6 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തും, അംജദ് ജാവേദ്, വാനിന്ദു ഹസരംഗ, ഹർദിക് പാണ്ഡ്യ എന്നിവർ 12 വിക്കറ്റുകളുമായി തൊട്ടുപിന്നിലുണ്ട്.