മുംബൈ: കോഹ്ലിയുടെയും രോഹിത്തിന്റെയും ടെസ്റ്റിൽ നിന്നുള്ള അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ ഗംഭീറും അഗാർക്കറുമാണെന്നും നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. 2027ലെ ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി കളിക്കാൻ ആഗ്രഹിക്കുന്ന കോഹ്ലിക്കും രോഹിത്തിനും ടീമിൽ ഇതുവരെ സ്ഥാനം ഉറപ്പുനൽകാൻ ടീം മാനേജ്‌മെന്റ് തയ്യാറാകാത്തതും വാർത്തകളിൽ ഇടം നേടിയിരുന്നു. പരിശീലകൻ ഗൗതം ഗംഭീറുമായി ബന്ധം വഷളായതായ റിപ്പോർട്ടുകൾക്കിടെയാണ് താരങ്ങൾ ഫോമിലെത്തിയതും.

ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും വിമർശകർക്ക് ശക്തമായ മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഏകദിന ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ഇവർക്കെതിരെ രംഗത്തുവരുന്നത് നല്ലതിനല്ലെന്ന് ശാസ്ത്രി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അവരെപ്പോലുള്ള കളിക്കാരോട് ഏറ്റുമുട്ടാൻ പോകരുതെന്ന് ശാസ്ത്രി പറഞ്ഞപ്പോൾ, ആരാണ് അങ്ങനെയൊരു നീക്കം നടത്തുന്നതെന്ന് അവതാരകൻ ചോദിച്ചു.

"ചിലർ അത് ചെയ്യുന്നുണ്ട്, അത്രയേ ഞാൻ ഇപ്പോൾ പറയുന്നുള്ളൂ. അവർ ശരിക്കും ഫോമിലായാൽ പിന്നെ ഇപ്പോൾ അവരോട് ഏറ്റുമുട്ടാനിറങ്ങിയവരുടെ ഒന്നും പൊടിപോലും കാണില്ല," ശാസ്ത്രി കൂട്ടിച്ചേർത്തു. ശാസ്ത്രി ആരുടെയും പേര് എടുത്തുപറഞ്ഞില്ലെങ്കിലും, ഇത് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനും ചീഫ് സെലക്ടർ അജിത് അഗാർക്കർക്കുമുള്ള പരോക്ഷ മുന്നറിയിപ്പായാണ് ആരാധകർ വിലയിരുത്തുന്നത്. ലോകകപ്പിൽ കളിക്കണമെങ്കിൽ ഇരുവരും ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് മത്സരക്ഷമത തെളിയിക്കണമെന്ന് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറുമായി ഇരുവരുടെയും ബന്ധം വഷളായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

വിരാട് കോഹ്ലിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളെന്ന നിലയിൽ, ശാസ്ത്രി കോലിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായാണ് അറിയപ്പെടുന്നത്. സമീപകാല പ്രകടനങ്ങളിൽ വിരാട് കോഹ്ലി മികച്ച ഫോമിലാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ കോഹ്ലി മൂന്നാം മത്സരത്തിൽ അർധസെഞ്ചുറി നേടിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും കോഹ്ലി സെഞ്ചുറി നേടി റെക്കോർഡിട്ടു. ഓസ്ട്രേലിയക്കെതിരെ സെഞ്ചുറിയും അർധസെഞ്ചുറിയും നേടിയ രോഹിത്തും തിളങ്ങിയിരുന്നു.