- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറിഞ്ഞൊതുക്കി ഡി ക്ലെർക്ക്, വെടിക്കെട്ട് ബാറ്റിങുമായി സ്മൃതി മന്ധാനയും ഗ്രേസ് ഹാരിസും; യുപി വാരിയേഴ്സിനെ തകർത്തത് എട്ട് വിക്കറ്റിന്; വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ

വഡോദര: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ. എട്ട് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ആർസിബി കലാശപ്പോരിന് ടിക്കറ്റെടുത്തത്. ഗ്രേസ് ഹാരിസിന്റെ വെടിക്കെട്ട് ബാറ്റിംഗും നദിനെ ഡി ക്ലെർക്കിന്റെ തകർപ്പൻ ബോളിംഗുമാണ് ആർസിബിക്ക് അനായാസ ജയം സമ്മാനിച്ചത്. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമായിരുന്നു ആർസിബിയുടെ ശക്തമായ തിരിച്ചുവരവ്.
യുപി ഉയർത്തിയ 144 റൺസ് ലക്ഷ്യം വെറും 13.1 ഓവറിൽ ആർസിബി മറികടന്നു. 37 പന്തിൽ 13 ഫോറും 2 സിക്സറും സഹിതം 75 റൺസെടുത്ത ഗ്രേസ് ഹാരിസാണ് ആർസിബിയുടെ ജയം അനായാസമാക്കിയത്. മൂന്നാം ഓവറിൽ യുവ പേസർ ക്രാന്തി ഗൗഡിനെ അഞ്ച് ഫോറുകൾക്ക് ശിക്ഷിച്ച ഹാരിസ് പവർപ്ലേയിൽ തന്നെ ആർസിബിയെ മികച്ച സ്കോറിലെത്തിച്ചു. വെറും 28 പന്തിൽ നിന്നായിരുന്നു ഹാരിസിന്റെ അർധസെഞ്ച്വറി. ക്യാപ്റ്റൻ സ്മൃതി മന്ധാന 54 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ യുപി വാരിയേഴ്സിന് ദീപ്തി ശർമ (55), മെഗ് ലാനിംഗ് (41) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ 74 റൺസ് നൽകിയെങ്കിലും അത് മുതലാക്കാൻ കഴിഞ്ഞില്ല. ഒമ്പതാം ഓവറിൽ ലാനിംഗിനെ പുറത്താക്കി നദിനെ ഡി ക്ലെർക്ക് ആർസിബിക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഡി ക്ലെർക്ക് നാല് വിക്കറ്റുകൾ സ്വന്തമാക്കി. അവസാന ഓവറിൽ വെറും ആറ് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ താരത്തിന്റെ പ്രകടനം യുപിയുടെ സ്കോർ 143-ൽ ഒതുക്കി.


