- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാര്‍ട്ടറില്‍ ഒരു റണ്‍ ലീഡ് നല്കിയ അസാധാരണ സെഞ്ച്വറി പിറന്ന ബാറ്റ്; സെമിയില്‍ കേരളത്തിന് തുണയായത് സല്‍മാന്‍ ധരിച്ച ആ 'ദൈവത്തിന്റെ ഹെല്‍മറ്റും'; പോരാത്തതിന് അസറിന്റെ സ്റ്റംമ്പിങും ക്യാച്ച് ചോദിച്ചതിന് തേര്‍ഡ് അമ്പയര്‍ നല്കിയ ലെഗ് ബി ഫോര്‍ വിക്കറ്റും; ഗുജറാത്തിന്റെ ആ മൂന്ന് വിക്കറ്റുകള്‍ കേരളം നേടിയത് ഭാഗ്യ വഴിയില്‍; സച്ചിന്‍ ബേബിയുടെ കൈയ്യില്‍ 'ഫൈനല്‍' എത്തിയ കഥ
അഹമ്മദാബാദ്: കേരളത്തിനെ മറികടക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്. ക്രീസിലുള്ളത് അവസാന വിക്കറ്റ്. 47 പന്തില്‍ അത്യുഗ്രന്‍ പ്രതിരോധത്തിലൂടെ 10 റണ്‍സെടുത്തതിന്റെ ആത്മവിശ്വാസത്തിലായിരുന്നു അര്‍സാന്‍ നാഗ്വസ്വാല. പതിനൊന്നാമനായ ജഡേജ ഇനി ക്രീസിലെത്തും മുമ്പേ ആ കടമ്പ കടക്കാനായിരുന്നു ലക്ഷ്യം. ആദിത്യ സര്‍വാര്‍ത്തയുടെ ലെഗില്‍ വീണ പന്ത് പറത്തി ബൗണ്ടറി നേടുകയായിരുന്നു ലക്ഷ്യം. നാഗസ്വാലയുടെ ബാറ്റ് പന്തിനെ കണക്ട് ചെയ്തു. ഒരു നിമിഷത്തെ ഉദ്യേഗം. കൃത്യമായി പന്ത് ബാറ്റില്‍ കൊണ്ടിട്ടും നിര്‍ഭാഗ്യം ഗുജറാത്തിനെ തളര്‍ത്തി. ആ കുറ്റനടി ചെന്ന് കൊണ്ടത് ഷോര്‍ട്ട് ലെഗില്‍ നിലയുറപ്പിച്ച സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റിലായിരുന്നു. ഹെല്‍മറ്റില്‍ കൊണ്ട പന്ത് ദിശ തെറ്റിയെത്തിയത് സ്ലിപ്പിലേക്ക്. അവിടെ നിന്ന കേരളാ ക്യാപ്ടന്‍ ആ പന്തിനെ കൈയ്യിലൊതുക്കി. അങ്ങനെ നായകന്റെ കൈയ്യിലൂടെ കേരളം ഫൈനലിലേക്ക് കടന്നു. അതിന് വഴിയൊരുക്കിയത് ദൈവത്തിന്റെ ആ ഹെല്‍മറ്റായിരുന്നു. കേരളാ ക്രിക്കറ്റിന് ചരിത്ര വഴിയൊരുക്കിയ ഹെല്‍മറ്റ്. അങ്ങനെ സെമയിലും സല്‍മാന്‍ നിസാറിലൂടെ രണ്ടു റണ്‍ ലീഡ് ആദ്യ ഇന്നിംഗ്‌സില്‍ കേരളം നേടി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കാശ്മീര്‍ എല്ലാ അര്‍ത്ഥത്തിലും കേരളത്തിനെതിരെ മുന്‍തൂക്കം നേടി ഘട്ടമുണ്ടായിരുന്നു. അപ്പോള്‍ അവസാന വിക്കറ്റില്‍ സല്‍മാന്‍ നിസാര്‍ നടത്തിയ ചെറുത്തു നില്‍പ്പാണ് കേരളത്തിന്റെ ശ്വാസം നീട്ടിയെടുത്തത്. സല്‍മാന്റെ സെഞ്ച്വറിയുടെ കരുത്തില്‍ കേരളം ഒരു റണ്‍ ലീഡ് നേടി. ആ റണ്‍സായിരുന്നു സമനിലയിലേക്ക് വഴുതി പോയ ക്വാര്‍ട്ടറില്‍ കേരളത്തിന് സെമിയിലേക്കുള്ള വഴിയൊരുക്കിയത്. പിന്നീട് രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താകാതെ നടത്തിയ ചെറുത്തു നില്‍ക്കും കേരളത്തിന് തുണയായി. ക്വാര്‍ട്ടറില്‍ സല്‍മാന്റെ ബാറ്റിനായിരുന്നു ദൈവത്തിന്റെ കൈയ്യൊപ്പ് കിട്ടിയതെങ്കില്‍ ഗുജറാത്തിനെതിരെ ഹെല്‍മാറ്റാണ് ആദ്യ ഇന്നിംഗ്‌സിലെ ലീഡ് ഭാഗ്യം കേരളത്തിന് നല്‍കിയത്. ഗുജറാത്തിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ കേരളത്തിനായി അര്‍ദ്ധ സെഞ്ച്വറിയും നേടിയിരുന്നു സല്‍മാന്‍. കുറ്റന്‍ സെഞ്ച്വറി സെമിയില്‍ നേടിയ അസറുദ്ദീനുമൊത്ത് അത്യുജ്വല അര്‍ദ്ധ സെഞ്ച്വറിയാണ് സല്‍മാന്‍ നേടിയത്. അതും കേരളത്തെ 450 കടത്തിയ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. സെമിയുടെ അവസാന ദിനം കേരളം എറിഞ്ഞിട്ട മൂന്ന് വിക്കറ്റില്‍ അവസാനത്തെ രണ്ടും നാടകീയതകളുടേതായി.
79 റണ്‍സെടുത്ത ജയ്മീത്ത് പട്ടേലാണ് അഞ്ചാം ദിനം ആദ്യം പുറത്തായത്. മികച്ചൊരു വിക്കറ്റ് കീപ്പിങ് വിക്കറ്റ്. കാലു ചെറുതായി മാത്രം ക്രീസില്‍ നിന്നും വലിച്ചു. ആ സെക്കന്റിന്റെ നേരിയ അംശം അസുറുദ്ദീന്‍ എന്ന വിക്കറ്റ് കീപ്പര്‍ക്ക് ആവാളമായിരുന്നു. അതിവേഗ സ്റ്റമ്പിങ്. ത്രേര്‍ഡ് അമ്പയറുടെ തീരുമാനം ഔട്ടായപ്പോള്‍ കേരളം പ്രതീക്ഷയിലായി. സര്‍വാര്‍ത്തയുടെ അഞ്ചാം ദിനത്തിലെ ആദ്യ വിക്കറ്റ്. അപ്പോള്‍ സ്‌കോര്‍ 436. 446 എന്ന സ്‌കോറിലേക്ക് ഗുജറാത്ത് എത്തിയപ്പോഴായിരുന്നു അടുത്ത ട്വിസ്റ്റ്. എസ് എ ദേശായിയുടെ കാലില്‍ കൊണ്ട് പന്ത് ഷോര്‍ട്ടില്‍ ക്യാച്ച്. അമ്പയര്‍ ഔട്ട് നല്‍കിയില്ല. ഇതോടെ കേരളം റിവ്യൂവിന് പോയി. പന്ത് ബാറ്റില്‍ കൊള്ളാതെയാണ് പോയതെന്ന് തെളിഞ്ഞതോടെ കേരളം നിരാശരായി. പക്ഷേ ബാറ്റില്‍ കൊള്ളാത്ത ആ പന്ത് വിക്കറ്റിലേക്ക് പോവുകയായിരുന്നു. അതാണ് പാഡില്‍ തട്ടിയത്. ഇതോടെ ദേശായിയെ ലെഗ് ബിഫോര്‍ വിക്കറ്റായി തേര്‍ഡ് അമ്പയര്‍ വിധിച്ചു. അങ്ങനെ ഒന്‍പതാമത്തെ വിക്കറ്റും പോയി. പത്താം വിക്കറ്റില്‍ അത്ഭുതം വിരിയുമെന്ന് ഗുജറാത്ത് കരുതി. അതിനായി കരുതിയ ഷോട്ടിനെ സല്‍മാന്റെ ഹെല്‍മന്റ് ക്യാപ്ടന്‍ സച്ചിന്‍ ബേബിയുടെ കൈയ്യിലുമെത്തി. അങ്ങനെ കേരളം രഞ്ജി ട്രോഫിയുടെ ഫൈനലിലേക്കും ചരിത്രത്തില്‍ ആദ്യമായി എത്തി.
സമ്മര്‍ദത്തിന്റെ പരകോടി അതിജീവിച്ചാണ് സെമിയില്‍ ഗുജറാത്തിനെതിരെ ഫൈനല്‍ സാധ്യത തുറക്കുന്ന രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് കേരളം പിടിച്ചത്. ഏറക്കുറേ സാധ്യതകള്‍ അസ്തമിച്ചെന്ന് കരുതിയിടത്ത് നിന്ന് പൊരുതിക്കയറി ലീഡ് പിടിച്ചെടുക്കുകയായിരുന്നു. ഏഴിന് 429 റണ്‍സുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിനെതിരെ 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. കേരളം 455 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. സെമിയിലേക്ക് വഴിതുറന്നത് ഒരു റണ്‍ ലീഡാണെങ്കില്‍ ഫൈനലിലേക്ക് വഴിതുറക്കുക രണ്ട് റണ്‍ ലീഡായിരിക്കും. രണ്ടിലും സല്‍മാന്റെ കൈയ്യൊപ്പ് വന്നു എന്നതാണ് ചരിത്ര യാദൃശ്ചികത. അര്‍സാന്‍ നാഗ്വസ്വല്ലയുടെ ബാറ്റില്‍ ഉയര്‍ന്ന് ബൗണ്ടറിയിലേക്ക് പോവുമായിരുന്ന പന്ത് നേരെ തട്ടിയത് സല്‍മാന്റെ ഹെല്‍മറ്റില്‍. ഉയര്‍ന്നു പൊങ്ങിയ പന്ത് സ്ലിപ്പില്‍ സച്ചിന്‍ ബേബിയുടെ കൈകളിലേക്ക്. അവിശ്വസനീയത നിറഞ്ഞ നിമിഷങ്ങള്‍ക്കു ശേഷം കേരള താരങ്ങള്‍ ആഹ്ലാദത്തിമിര്‍പ്പിലേക്ക് മാറി. പിന്നെ പാഡണിഞ്ഞ് രണ്ടാം ഇന്നിംഗ്‌സിനും കേരളം ഇറങ്ങി. ഇനിയുള്ള എല്ലാം വെറും സാങ്കേതികമാക്കി മാറ്റിയ കേരളത്തിന്റെ രണ്ടു റണ്‍ ലീഡ്. കളി സമനിലയിലാകുകയും കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനല്‍ കളിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇതുണ്ടാക്കിയത്. ഇരുടീമുകള്‍ക്കും രണ്ടാം ഇന്നിങ്സ് ശേഷിക്കുന്നതിനാല്‍ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തില്‍ കേരളം ഫൈനലിലെത്തും.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് മുതല്‍ കേരളം ആഗ്രഹിച്ചത് സമനിലയും ഒന്നാം ഇന്നിങ്സ് ലീഡുമായിരുന്നു. മുഹമ്മദ് അസ്ഹറുദീന്‍ സെഞ്ച്വറി (341 പന്തില്‍ നിന്ന് 177 റണ്‍സ് നോട്ടൗട്ട്) കളിയില്‍ ആദ്യം നായകന്‍ സച്ചിന്‍ ബേബിയുടേയും(195 പന്തില്‍ 69 റണ്‍സ്) പിന്നാലെ സല്‍മാന്‍ നിസാറിന്റെയും(202 പന്തില്‍ 52 റണ്‍സ്) വീരോചിത ചെറുത്തുനില്‍പും കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചു. ആദ്യ രണ്ട് ദിവസവും കേരളം സേഫായിരുന്നു. എന്നാല്‍ മൂന്നാം ദിനം ഗുജറാത്ത് ശക്തമായി തിരിച്ചടിച്ചു. ഒരു വിക്കറ്റിന് 200 കടന്നപ്പോള്‍ കേരളം അപകടം മണത്തു. എന്നാല്‍ നാലാം ദിനം ജലജ് തന്റെ അനുഭവസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് മുന്‍നിരയെ വീഴ്ത്തി. 148 റണ്‍സ് നേടിയ പാഞ്ചാലിനെ ബൗള്‍ഡാക്കിയ ജലജിന്റെ പന്താണ് ഈ കളിയുടെ ഗതിമാറ്റിയത്. മധ്യനിരയില്‍ ജയ്മീത് പട്ടേല്‍(79) പിടിച്ചുനിന്നപ്പോള്‍ ഗുജറാത്ത് ലീഡ് ഉറപ്പിച്ചു. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ കേരളത്തിന്റെ വിശ്വാസം കാത്ത മറുനാടന്‍ താരം ആദിത്യ സര്‍വതെ മൂന്നു വിക്കറ്റെടുത്ത് കേരളത്തെ ലീഡിലേക്ക് നയിച്ചു. ജയ്മീത്തിന്റെ ക്യാച്ച് രാവിലെ സച്ചിന്‍ ബേബി നഷ്ടപ്പെടുത്തിയപ്പോള്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു എന്ന് തോന്നി എന്നാല്‍ സര്‍വതെയുടെ പന്തില്‍ കീപ്പര്‍ അസ്ഹറുദീന്റെ മിന്നല്‍ സറ്റമ്പിങ് ആ കുറവ് നികത്തി.
ലീഡിന് രണ്ട് റണ്‍സ് മാത്രം അകലെ നാഗസ്വലയുടെ ബുള്ളറ്റ് ഷോട്ട്. നേരത്തെ വന്നതിന് സമാനമായ പവര്‍ഫുള്‍ ഷോട്ട് ഷോര്‍ട്ട് ലെഗില്‍ നിന്ന സല്‍മാന്റെ ഹെല്‍മറ്റിലേക്ക്. അവിടെ നിന്ന് മുകളിലേക്ക് ഒടുവില്‍ സ്ലിപ്പില്‍ നിന്ന സച്ചിന്‍ ബേബിക്ക് അനായാസ ക്യാച്ച്. രണ്ട് ക്യാച്ചുകള്‍ നഷ്ടമായവര്‍ ചേര്‍ന്ന് ഒരു ക്യാച്ചും ഒരു മത്സരവും ഫൈനലും കേരളത്തിന് സമ്മാനിക്കുകയായിരുന്നു.