- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തിലക് വർമ്മയും ഇഷാൻ കിഷനുമല്ല, യഥാർത്ഥ 'അപകടകാരി' അവനാണ്'; ഐപിഎല്ലിലെ മികവ് അന്താരാഷ്ട്ര ക്രിക്കറ്റിലും തുടരുന്നു; അഭിഷേക് ശർമ്മയെ വാനോളം പുകഴ്ത്തി റിഷഭ് പന്ത്

മുംബൈ: ടി20 ലോകകപ്പിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിലെ ഏറ്റവും അപകടകാരിയായ ബാറ്ററെ തിരഞ്ഞെടുത്ത് വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. നിലവിലെ ഫോം കണക്കിലെടുക്കുമ്പോൾ അഭിഷേക് ശർമ്മയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരമെന്ന് പന്ത് ഇന്ത്യ ടുഡേ കോൺക്ലേവിൽ വ്യക്തമാക്കി. ഇഷാൻ കിഷനോ തിലക് വർമയോ അല്ല യഥാർത്ഥ അപകടകാരിയെന്നും പന്ത് കൂട്ടിച്ചേർത്തു. അഭിഷേക് ശർമ്മ വളരെ സ്ഥിരതയുള്ള കളിക്കാരനാണെന്നും ഐപിഎല്ലിലെ തന്റെ അതേ മികവ് അന്താരാഷ്ട്ര തലത്തിലും അദ്ദേഹം തുടരുന്നുണ്ടെന്നും പന്ത് ചൂണ്ടിക്കാട്ടി.
ഭാഗ്യം കൊണ്ട് മാത്രം റൺസ് നേടാൻ കഴിയില്ലെന്നും, വ്യക്തമായ ആസൂത്രണവും ആത്മവിശ്വാസവുമാണ് അഭിഷേകിന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024-ൽ ഇന്ത്യക്കായി അരങ്ങേറിയ അഭിഷേക്, 38 മത്സരങ്ങളിൽ നിന്ന് 1,300 റൺസാണ് ഇതുവരെ അടിച്ചുകൂട്ടിയത്. 195 എന്ന മികച്ച സ്ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. ഇന്ത്യൻ ടീം ടി20 ലോകകപ്പിൽ കിരീടം നിലനിർത്താൻ ഒരുങ്ങുമ്പോൾ, ഈ വർഷത്തെ ടീമിൽ റിഷഭ് പന്തിനെ പരിഗണിച്ചിട്ടില്ല.
പകരക്കാരായി മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് വിക്കറ്റ് കീപ്പർമാരായി ടീമിലുള്ളത്. പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്ന സഞ്ജു സാംസൺ മോശം ഫോമിനെ തുടർന്ന് പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായപ്പോൾ, അവസരം മുതലെടുത്ത ഇഷാൻ കിഷൻ മികച്ച പ്രകടനങ്ങളിലൂടെ പ്ലേയിംഗ് ഇലവനിൽ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ് തനിക്ക് നൽകിയ വിലപ്പെട്ട ഉപദേശത്തെക്കുറിച്ചും പന്ത് സംസാരിച്ചു. പൂജ്യത്തിന് പുറത്തായാലും സെഞ്ച്വറി നേടിയാലും ഒരേ മാനസികാവസ്ഥ നിലനിർത്താനാണ് ദ്രാവിഡ് പഠിപ്പിച്ചത്. ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം ഇത് കഠിനമാണെങ്കിലും താൻ അത് പിന്തുടരാൻ ശ്രമിക്കാറുണ്ടെന്ന് പന്ത് വെളിപ്പെടുത്തി. സെഞ്ച്വറി നേടുമ്പോഴുള്ള സന്തോഷത്തേക്കാൾ തനിക്ക് പുറത്താകുമ്പോഴുള്ള വേദനയാണ് കൂടുതൽ അനുഭവപ്പെടാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു.


