ബെംഗളൂരു: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനായി മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ ഓപ്പണിംഗ് ബാറ്ററായും പ്രധാന വിക്കറ്റ് കീപ്പറായും സഞ്ജു ഇടം നേടിയ സാഹചര്യത്തിലാണ് ഉത്തപ്പയുടെ ഈ പിന്തുണ. ശുഭ്മാൻ ഗില്ലിന് പകരക്കാരനായാണ് സഞ്ജു ടീമിലെത്തിയത്. സഞ്ജുവിന് ബാക്ക് അപ്പായി ഇഷാൻ കിഷനേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിതേഷ് ശർമ്മ ടീമിൽ നിന്ന് പുറത്തായി.

കേരളത്തിനായി മുമ്പ് കളിച്ചിട്ടുള്ള ഉത്തപ്പയുടെ വാക്കുകൾ ഇങ്ങനെയാണ്: "എന്തുതന്നെ സംഭവിച്ചാലും സഞ്ജു സാംസൺ ടി20 ലോകകപ്പിൽ ഉറപ്പായും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യണം. 2024 ലോകകപ്പിന് ശേഷം ഇന്ത്യക്കായി ടി20 മത്സരങ്ങളിൽ സെഞ്ചുറികൾ നേടിയ താരമാണ് സഞ്ജു. അതും തുടർച്ചയായി. ആദ്യം ബംഗ്ലാദേശിനെതിരേയും പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും. യുവതാരങ്ങൾ പ്രചോദനമാക്കാൻ സഞ്ജുവിന് സാധിച്ചു."

അതേസമയം, ഇഷാൻ കിഷനെ ഓപ്പണറാക്കണമെന്ന വാദവും സജീവമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിലും വിജയ് ഹസാരെ ടൂർണമെന്റിലും മികച്ച ഫോമിലാണ് കിഷൻ. അഭിഷേക് ശർമ്മക്കൊപ്പം പവർ പ്ലേയിൽ കൂടുതൽ ഫലപ്രദമാകുക ഇഷാൻ കിഷനാകുമെന്ന് താരത്തിന്റെ ബാല്യകാല പരിശീലകനും മെന്ററുമായ ഉത്തം മജൂംദാർ അഭിപ്രായപ്പെട്ടിരുന്നു.

ടി20 ലോകകപ്പിന് മുന്നോടിയായി ന്യൂസിലൻഡിനെതിരെ നടക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിൽ അഭിഷേക് ശർമ്മക്കൊപ്പം സഞ്ജു സാംസൺ തന്നെ ഓപ്പണറാകുമെന്നാണ് നിലവിലെ വിലയിരുത്തൽ. എന്നാൽ, ഈ പരമ്പരയിൽ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെ വന്നാൽ, മുഷ്താഖ് അലി ട്രോഫിക്ക് പിന്നാലെ വിജയ് ഹസാരെ ട്രോഫിയിൽ കർണാടകക്കെതിരെ ആറാമനായി ഇറങ്ങി 33 പന്തിൽ സെഞ്ചുറി നേടിയ ഇഷാൻ കിഷനെ ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സഞ്ജുവിന് നിർണായകമാകും.