മുംബൈ: ഇന്ത്യന്‍ മണ്ണില്‍ കയ്യെത്തും ദൂരത്ത് കൈവിട്ട ഐസിസി ഏകദിന ലോകകപ്പ് കിരീടം തിരിച്ചുപിടിക്കണമെന്നും ആ ഇന്ത്യന്‍ ടീമിനെ നയിക്കണമെന്നുമുള്ള രോഹിത് ശര്‍മയുടെ സ്വപ്നം തകര്‍ത്താണ് പുതിയ നായകനായി ശുഭ്മന്‍ ഗില്ലിനെ നിയമിച്ചിരിക്കുന്നത്. ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചതല്ല. ട്വന്റി 20, ടെസ്റ്റ് എന്നിവയില്‍ നിന്നും ഹിറ്റ്മാന്‍ നേരത്തേ തന്നെ വിരമിച്ചതിനാല്‍ ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിന്റെ യുഗം തന്നെ ഇപ്പോള്‍ പൂര്‍ണമായി അവസാനിച്ചിരിക്കുകയാണ്. ഓസീസുമായുള്ള അടുത്ത പരമ്പരയില്‍ ഇനി ഗില്ലിനു കീഴില്‍ രോഹിത്തിനു കളിക്കേണ്ടിയും വരും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രണ്ടു ഐസിസി ട്രോഫികള്‍ ഇന്ത്യക്കു നേടിത്തരാന്‍ രോഹിത് ശര്‍മയ്ക്ക് കഴിഞ്ഞിരുന്നു. ഏകദിന ലോകകപ്പ് കൈവിട്ടെങ്കിലും കഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പില്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ രോഹിത് ഈ വര്‍ഷം ചാംപ്യന്‍സ് ട്രോഫിയും ടീമിനു നേടിത്തന്നു. 2027ലെ ഐസിസി ഏകദിന ലോകകപ്പിലും ഇന്ത്യയെ വിജയികളാക്കിയ ശേഷം കളി നിര്‍ത്താനുള്ള പ്ലാനിലായിരുന്നു. അതിനിടെയാണ് സെലക്ഷന്‍ കമ്മിറ്റി ഹിറ്റ്മാന്റെ കസേര തെറിപ്പിച്ചത്. യഥാര്‍ഥത്തില്‍ രോഹിത്തിനെ ഇപ്പോള്‍ നായകസ്ഥാത്തു നിന്നും മാറ്റാനുള്ള കാരണമെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഇന്ത്യയുടെ ഏകദിനടീമിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ നീക്കിയത് സംബന്ധിച്ച് പ്രതികരണവുമായി മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. തീരുമാനം ഏറെ പ്രയാസകരമായിരുന്നുവെന്ന് പറഞ്ഞ അഗാര്‍ക്കര്‍ മൂന്ന് ഫോര്‍മാറ്റുകള്‍ക്കും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്‍മാരെ വെക്കുന്നത് പ്രായോഗികമായ ഒന്നല്ലെന്നും വിശദീകരിച്ചു. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്ലിനെയാണ് ഏകദിന ക്യാപ്റ്റനായി നിയമിച്ചത്. നിലവില്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും ടി20 യിലെ ഉപനായകനുമാണ് ഗില്‍.

'യഥാര്‍ഥത്തില്‍, രണ്ട് കാര്യങ്ങളുണ്ട്. ഒന്നാമതായി, പദ്ധതികള്‍ തയ്യാറാക്കുന്ന കാര്യമെടുക്കുമ്പോള്‍ മൂന്ന് ഫോര്‍മാറ്റുകള്‍ക്കും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്‍മാരെ വെക്കുന്നത് പ്രായോഗികമായ ഒന്നല്ല. സ്വാഭാവികമായും, ഒരു ഘട്ടത്തില്‍ അടുത്ത ലോകകപ്പ് എവിടെയാണെന്ന് നോക്കിത്തുടങ്ങണം. ഇപ്പോള്‍ ഏറ്റവും കുറവ് കളിക്കുന്ന ഒരു ഫോര്‍മാറ്റ് കൂടിയാണിത്. അതുകൊണ്ട് അടുത്തതായി വരുന്നയാള്‍ക്ക്, സ്വയം തയ്യാറെടുക്കാനോ പദ്ധതികള്‍ തയ്യാറാക്കാനോ ആവശ്യമായത്ര മത്സരങ്ങള്‍ ലഭിക്കാതെ വരുന്നു.'- അഗാര്‍ക്കര്‍ പറഞ്ഞു.

'ചാമ്പ്യന്‍സ് ട്രോഫി നേടിയിരുന്നില്ലെങ്കില്‍ പോലും അതൊരു പ്രയാസമേറിയ തീരുമാനമാകുമായിരുന്നു, കാരണം ഇന്ത്യക്ക് വേണ്ടി രോഹിത്ത് അത്രയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷേ ചില സമയങ്ങളില്‍ മുന്നോട്ട് എന്താണ് വരാനിരിക്കുന്നതെന്ന് നോക്കേണ്ടിവരും. ഒരു ടീം എന്ന നിലയില്‍ നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നും, ആത്യന്തികമായി ടീമിന്റെ ഏറ്റവും മികച്ച താത്പര്യം എന്താണെന്നും നോക്കണം. അത് ഇപ്പോഴായാലും ഒരുപക്ഷേ ആറുമാസം കഴിഞ്ഞായാലും. അത്തരം തീരുമാനങ്ങള്‍ നിങ്ങള്‍ എടുക്കേണ്ടിവരുമെന്നാണ് ഞാന്‍ കരുതുന്നത്. അത് പ്രയാസകരമാണ്.'

'കാരണം നിങ്ങള്‍ അത്തരമൊരു തീരുമാനമെടുക്കുകയാണെങ്കില്‍, അത് ന്യായമായും നേരത്തെയാക്കാന്‍ ശ്രമിക്കണം, അതുവഴി അടുത്തയാള്‍ക്ക് മറ്റൊരു ഫോര്‍മാറ്റ് നയിക്കാനുള്ള ആത്മവിശ്വാസം നേടാന്‍ മതിയായ അവസരം നല്‍കണം. അതായിരുന്നു ആശയം, പക്ഷേ അത് എല്ലായ്‌പ്പോഴും പ്രയാസമാണ്. വളരെ വിജയിച്ച ഒരാളെ സംബന്ധിച്ച് നിങ്ങള്‍ ആ തീരുമാനമെടുക്കേണ്ടി വരും.'- അഗാര്‍ക്കര്‍ പറഞ്ഞു.

വരാനിരിക്കുന്ന മത്സരങ്ങള്‍ വെച്ച് പദ്ധതികള്‍ തയ്യാറാക്കാന്‍ അടുത്തയാള്‍ക്ക് മതിയായ സമയം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. കൂടാതെ, മൂന്ന് ഫോര്‍മാറ്റുകള്‍ക്കും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ ഉണ്ടാകുന്നത് വളരെ ബുദ്ധിമുട്ടാണ്. സെലക്ടര്‍മാരുടെ കാര്യത്തില്‍ മാത്രമല്ല, പരിശീലകന് പോലും മൂന്ന് വ്യത്യസ്ത ആളുകളുമായി ചേര്‍ന്ന് തന്ത്രങ്ങള്‍ തയ്യാറാക്കുന്നത് ഒരിക്കലും എളുപ്പമല്ല.- അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

അന്ന് വിരാട് കോലി, ഇന്ന് രോഹിത് ശര്‍മ

ഏകദിന ടീമിന്റെ നായകസ്ഥാനം നഷ്ടമായതോടെ 2027ലെ ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്കു ടീമില്‍ സ്ഥാനമുണ്ടാവുമോയെന്നു പോലും ഇനി ഉറപ്പില്ല. ഫോമും ഫിറ്റ്നസുമെല്ലാം കാത്തുസൂക്ഷിക്കാനായെങ്കില്‍ മാത്രമേ ലോകകപ്പില്‍ ഇനി രോഹിത് സ്ഥാനം പ്രതീക്ഷിക്കേണ്ടതുള്ളൂ.

2021ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിനു തൊട്ടുമുമ്പാണ് വിരാട് കോലിയില്‍ നിന്നും ഏകദിന ടീമിന്റെ സ്ഥിരം നായകസ്ഥാനം രോഹിത് ശര്‍മയിലേക്കു വരുന്നത്. ഇതേ വര്‍ഷം നടന്ന ഐസിസി ടി20 ലോകകപ്പിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞിരുന്നു. എങ്കിലും ഏകദിനത്തില്‍ ക്യാപ്നായി തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

പക്ഷെ വൈറ്റ് ബോള്‍ ഫോര്‍ാറ്റില്‍ രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്നത് ശരിയാവില്ലെന്നു ചൂണ്ടിക്കാട്ടി അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും കോലിയെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ടി20, ഏകദിന ക്യാപ്റ്റന്‍സി രോഹിത്തിനെ ഏല്‍പ്പിക്കുകയും ചെയ്തു.

അദ്ദേഹത്തിനു കീഴില്‍ 56 ഏകദിനങ്ങളിലാണ് ടീം കളിച്ചിട്ടുള്ളത്. ഇവയില്‍ 42ലും വിജയം കൊയ്തപ്പോള്‍ തോറ്റത് വെറും 12 എണ്ണത്തില്‍ മാത്രമാണ്. ഒരു മല്‍സരം ടൈയില്‍ കലാശിച്ചപ്പോള്‍ ഒന്നു ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഈ വര്‍ഷമാദ്യം യുഎഇയില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ അവസാനമായി കളിച്ചത്. അന്നു ഒരു കളി പോലും തോല്‍ക്കാതെയാണ് ഇന്ത്യന്‍ ടീം കിരീടം ചൂടിയത്.