- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജിയിലും തിളങ്ങാനാകാതെ രോഹിത്; നേടാനായത് വെറും മൂന്ന് റൺസ്; ജമ്മു കശ്മീരിനെതിരെ മുംബൈയ്ക്ക് ബാറ്റിംഗ് തകർച്ച; ആശ്വാസമായി വാലറ്റത്ത് ഷാര്‍ദ്ദുല്‍ താക്കൂറിന്റെ ചെറുത്തുനിൽപ്പ്; ഉമർ നസീറിന് നാല് വിക്കറ്റ്
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ മോശം ഫോം കാരണം കടുത്ത വിമർശനം ഏറ്റുവാങ്ങിയ താരയായിരുന്നു രോഹിത് ശർമ്മ. ഇന്ത്യൻ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിർദേശവുമായി മുൻ താരങ്ങളടക്കം നിരവധി പേർ രംഗത്ത് വന്നിരുന്നു. തുടർന്ന് സീനിയർ താരങ്ങളായ രോഹിത്, കോഹ്ലി ഉൾപ്പെടെയുള്ള രഞ്ജി കളിക്കുന്നതിനായി സന്നദ്ധത അറിയിച്ചു. എന്നാൽ ജമ്മു കശ്മീരിനെതിരായ രഞ്ജി മത്സരത്തിലും രോഹിത്തിന് തിളങ്ങാനായില്ല. ഓപ്പണറായി ഇറങ്ങിയ രോഹിത് ശര്‍മ 19 പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി. ഉമര്‍ നസീറിന്‍റെ പന്തില്‍ പി കെ ദോഗ്രക്ക് ക്യാച്ച് നല്‍കി രോഹിത് പുറത്താവുകയായിരുന്നു. ഉമർ നസീർ മിർ നാല് വിക്കറ്റുകൾ വീഴ്ത്തി.
അതേസമയം ഓസ്‌ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇടം കയ്യൻ ഓപ്പണർ യശസ്വ ജയ്സ്വാളിനും രഞ്ജി തിരിച്ചുവരവില്‍ തിളങ്ങാനായില്ല. എട്ട് പന്തില്‍ നാലു റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ അക്വിബ് നഖ്‌വിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അജിങ്ക്യാ രഹാനെ (12), ശ്രേയസ് അയ്യർ (11) എന്നിവർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ശിവം ദുബെയും(0), ഷംസ് മുലാനിയും(0) കൂടി നിലയുറപ്പിക്കും മുൻപേ പുറത്തായതോടെ ശക്തരായ മുംബൈ ബാറ്റിംഗ് നിര തകർന്നടിഞ്ഞു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 110/7 എന്ന നിലയിലാണ് മുംബൈ 39 പന്തിൽ 41 റൺസുമായി ഷാര്‍ദ്ദുല്‍ താക്കൂറും 34 പന്തിൽ 26 റൺസുമായി കോട്ടിയാനുമാണ് ക്രീസിൽ. 17 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഒരു രഞ്ജി മത്സരം കളിക്കാനിറങ്ങിയത് എന്ന പ്രത്യേകതയുമുണ്ട്. അനില്‍ കുംബ്ലെയാണ് ഇന്ത്യൻ ക്യാപ്റ്റനായിരിക്കെ അവസാനമായി രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയ താരം. മുംബൈയെ സംബന്ധിച്ചിടത്തോളം നിർണായകമായ മത്സരമാണിത്. എലൈറ്റ് ഗ്രൂപ്പ് എയില്‍ ശക്തരായ മുംബൈ മൂന്നാം സ്ഥാനത്താണ്. 5 മല്സരങ്ങളിൽ നിന്നും 4 ജയവുമായി 27 പോയിന്റോടെ ബറോഡയാണ് ഗ്രൂപ്പിൽ ഒന്നാമത്. 23 പോയന്‍റുള്ള ജമ്മു കശ്മീര്‍ രണ്ടാമതാണ്. മുംബൈക്ക് 22 പോയിന്റുകളാണുള്ളത്.