മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി രോഹിത് ശര്‍മ തുടരുമെങ്കിലും ടീമിന്റെയും വ്യക്തിഗത പ്രകടനവും പരിഗണിച്ചാകും കരിയറിലെ നിര്‍ണായക തീരുമാനമെടുക്കുകയെന്ന് സൂചന. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ തോല്‍വി വിലയിരുത്താന്‍ ബിസിസിഐ മുംബൈയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ രോഹിത് ശര്‍മയടക്കം പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി നായകനെക്കുറിച്ച് അടക്കം ചര്‍ച്ചകള്‍ നടന്നത്. ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം നിര്‍ണായകമാകുമെന്ന സൂചന രോഹിത് ശര്‍മയ്ക്ക് അധികൃതര്‍ നല്‍കിയതായാണ് വിവരം. അതേ സമയം വിരാട് കോലിക്കും ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനമായി. ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനമാകും മുന്‍ നായകനും നിര്‍ണായകമാവുക.

ശനിയാഴ്ച നടന്ന യോഗത്തില്‍ ബിസിസിഐ ഭാരവാഹികള്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയര്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ എട്ട് ടെസ്റ്റുകളില്‍ ആറെണ്ണവും ഇന്ത്യ തോറ്റതിന്റെ പശ്ചാത്തലത്തില്‍കൂടിയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമിന്റെ ഭാവി ക്യാപ്റ്റനെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ക്യാപ്റ്റനെ സെലക്ടര്‍മാര്‍ കണ്ടെത്തുന്നത് വരെ ആ റോളില്‍ തുടരാന്‍ രോഹിത് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

'ഭാവി ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത് വരെ അടുത്ത കുറച്ച് മാസത്തേക്ക് ക്യാപ്റ്റനായി തുടരാം, ആരെ തിരഞ്ഞെടുത്താലും തന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കും' രോഹിത് ബിബിസിഐ ഭാരവാഹികളെ അറിയിച്ചതായി ദൈനിക് ജാഗ്രന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ രോഹിത് തന്നെ നയിക്കുമെന്ന് വ്യക്തമായി. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാകും അദ്ദേഹത്തിന് പിന്‍ഗാമിയെ കണ്ടെത്തുക. ട്വന്റി-20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവാണ് നിലവില്‍ ഇന്ത്യയെ നയിക്കുന്നത്. ഏകദിന-ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ജസ്പ്രിത് ബുംറയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍, മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ രോഹിത് ശര്‍മ തയാറെടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മെല്‍ബണ്‍ ടെസ്റ്റിലെ ദയനീയ പ്രകടനത്തിനൊപ്പം ടീമും തോറ്റതോടെ, വിരമിക്കാനുള്ള സന്നദ്ധത രോഹിത് അധികൃതരെ അറിയിച്ചിരുന്നതായാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. എന്നാല്‍, ടീമിനു പുറത്തുള്ള ചിലരുടെ ഇടപെടലിനെ തുടര്‍ന്ന് രോഹിത് തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് വിവരം. അടുത്ത ബന്ധമുള്ള ഇവരുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിരമിക്കല്‍ തീരുമാനത്തില്‍നിന്ന് പിന്‍മാറിയ രോഹിത്തിന്റെ നടപടി പരിശീലകന്‍ ഗൗതം ഗംഭീറിന് ദഹിച്ചില്ലെന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. സിഡ്‌നി ടെസ്റ്റിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിന് പതിവിനു വിപരീതമായി ക്യാപ്റ്റനു പകരം പരിശീലകന്‍ ഗൗതം ഗംഭീറാണ് എത്തിയത്. അപ്പോള്‍ മുതല്‍ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ സജീവമായിരുന്നു. പിന്നീട് രോഹിത് പരിശീലനത്തില്‍നിന്ന് വിട്ടുനിന്നത് അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകര്‍ന്നു.

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ ക്യാപ്റ്റനും പരിശീലകനും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായഭിന്നതകളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ടീം സിലക്ഷന്‍ മുതല്‍ ടോസിന്റെ കാര്യത്തില്‍ പോലും ഇരുവരും വ്യത്യസ്ത നിലപാടിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെയാണ്, രോഹിത് വിരമിക്കല്‍ തീരുമാനം മാറ്റിയതില്‍ ഗംഭീര്‍ അതൃപ്തനായിരുന്നുവെന്ന റിപ്പോര്‍ട്ട് കൂടി വരുന്നത്.

ഓസിസ് പരമ്പരയില്‍ കളിച്ച മൂന്നു ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്‌സുകളില്‍നിന്ന് 31 റണ്‍സ് മാത്രം നേടിയ രോഹിത്, സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. അതിനു മുന്‍പായി ബംഗ്ലദേശ്, ന്യൂസീലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പരയിലും പ്രകടനം മോശമായതോടെയാണ് രോഹിത് കളി നിര്‍ത്താം എന്ന തീരുമാനത്തിലേക്ക് എത്തിയത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുമുള്ള ടീമിനെ ഈ ആഴ്ച്ച അവസാനത്തോടെ പ്രഖ്യാപിക്കുമെന്നണ് അറിയുന്നത്. ഈ ടീമിനെ കുറിച്ച് ഏകദേശ ധാരണയുമായിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനം അടിസ്ഥാനമാക്കി ആയിരിക്കും രോഹിതിന്റെയും കോലിയുടെയും ഭാവിയെ കുറിച്ചുള്ള തീരുമാനമെടുക്കുക. രോഹിതിനെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അടുത്ത ക്യാപ്റ്റനായി ബുമ്രയെ നിയമിക്കും. ടെസ്റ്റിലും ഏകദിനത്തിലും ബുമ്രയായിരിക്കും ടീമിനെ നയിക്കുക. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ബുമ്രയായിരിക്കും.

അതേസമയം, ഇംഗ്ലണ്ടിനെതിരെ അഞ്ച് ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തി. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. സഞ്ജു സാംസണ്‍ ഓപ്പണിംഗ് സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. സൂര്യുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരും ഇല്ല. അതേസമയം നിതീഷ് കുമാര്‍ റെഡ്ഡിയെ തിരിച്ചുവിളിച്ചു.

സ്പിന്‍ ഓള്‍റൗണ്ടറായ വാഷിംഗ്ടണ്‍ സുന്ദറും ടീമിലുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെലും ടീമിലെത്തി. ചാംപ്യന്‍സ് ട്രോഫി കളിക്കേണ്ടതിനാല്‍ യശസ്വി ജയ്‌സ്വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സഞ്ജു - അഭിഷേക് സഖ്യം ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്യും. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ കളിച്ച അതേ ട്വന്റി 20 ടീമുമായി മുന്നോട്ട് പോകാനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചത്. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനല്ലാത്ത റിയാന്‍ പരാഗിന് സ്ഥാനം നഷ്ടമായി. അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍.