- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓസ്ട്രേലിയക്കാർ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവർ, അവിടെ പോകാനും കളിക്കാനും ഇഷ്ടമാണ്'; ക്യാപ്റ്റൻസി നഷ്ടമായതിന് ശേഷമുള്ള രോഹിത്തിന്റെ ആദ്യ പ്രതികരണം
മുംബൈ: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് രോഹിത് ശർമ്മയെ മാറ്റിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ശുഭ്മൻ ഗില്ലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് ഏകദിന ടീമിന്റെയും ക്യാപ്റ്റനായി ബി.സി.സി.ഐ ഗില്ലിനെ നിയമിച്ചത്. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. സൂപ്പർ താരമായ വിരാട് കോഹ്ലിയും ടീമിലുണ്ട്.
മാർച്ച് മാസത്തിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ രോഹിത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ കിരീടം നേടിയിരുന്നു. ഇത് രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതിലുള്ള ആരാധകരുടെ ഞെട്ടൽ വർദ്ധിപ്പിച്ചു. മുൻ കളിക്കാർ ഉൾപ്പെടെയുള്ള ക്രിക്കറ്റ് വിദഗ്ധരും ബി.സി.സി.ഐയുടെ ഈ നടപടിയെ വിമർശിച്ചിരുന്നു. എന്നിരുന്നാലും, 2027 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഗില്ലിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചതെന്നാണ് ബി.സി.സി.ഐയുടെ വാദം.
ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതിൽ നിരാശയൊന്നും പ്രകടിപ്പിക്കാതെ, ഓസ്ട്രേലിയൻ മണ്ണിൽ ക്രിക്കറ്റ് കളിക്കുന്നതിലുള്ള ആവേശമാണ് രോഹിത് ആരാധകരുമായി പങ്കുവെച്ചത്. ഓസ്ട്രേലിയയിൽ ക്രിക്കറ്റ് കളിക്കാനും അവിടുത്തെ ജനങ്ങൾ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് രോഹിത് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തന്നെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നതായി ബി.സി.സി.ഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
വിരാട് കോഹ്ലിയും രോഹിത് ശർമ്മയും 2027 ഏകദിന ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് അഗാർക്കർ മൗനം പാലിക്കുകയായിരുന്നു. നിലവിൽ ഇരുവരും ഏകദിന ഫോർമാറ്റിൽ കളിക്കുന്നതുകൊണ്ടാണ് സ്ക്വാഡിൽ ഉൾപ്പെടുത്തിയതെന്നും 2027നെക്കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതിലുള്ള അത്ഭുതം മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗും പങ്കുവെച്ചിരുന്നു. ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെങ്കിൽ രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയൻ പരമ്പരക്കുള്ള ഏകദിന, ട്വന്‍റി20 ടീമുകളെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്.