മുംബൈ: രോഹിത് ശർമ്മ മുംബൈയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നു. ട്രോഫിയിലെ ക്വാർട്ടർ ഫൈനൽ മുതലുള്ള മത്സരങ്ങളിൽ മുംബൈക്കായി കളിക്കാൻ താൻ തയ്യാറാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ (MCA) അറിയിച്ചുവെന്നാണ് റിപ്പോർട്ട്. മുഷ്താഖ് അലി ടി20 ട്രോഫിയിൽ കേരളത്തോട് മുംബൈ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിന് പിന്നാലെയാണ് തീരുമാനം. ഈ മാസം 12 മുതൽ 18 വരെ നടക്കുന്ന മുഷ്താഖ് അലി ട്രോഫിയിലെ നോക്കൗട്ട് മത്സരങ്ങളിൽ കളിക്കും.

കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയതിന് ശേഷം രോഹിത് ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഇന്ത്യൻ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അന്താരാഷ്ട്ര ടി20 പരമ്പര കളിക്കാനായി പോകുമ്പോൾ രോഹിത്തിന്റെ മടങ്ങിവരവ് ടീമിന് കരുത്താകും. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ചതിനാൽ ഏകദിന ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ച് മത്സരക്ഷമത തെളിയിക്കണമെന്ന് രോഹിത്തിനോടും വിരാട് കോലിയോടും ഇന്ത്യൻ ടീം മാനേജ്‌മെന്റ് നിർദേശിച്ചിരുന്നു.

ഇതിനെത്തുടർന്ന് ഇരുവരും വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കളിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഷ്താഖ് അലി ട്രോഫിയിലും മുംബൈക്കായി കളിക്കാൻ രോഹിത് തയ്യാറായത്. കഴിഞ്ഞ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി കളിച്ച 38-കാരനായ രോഹിത് പല മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായാണ് ഇറങ്ങിയത്.

മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ കേരളത്തിനെതിരെ മുംബൈ 15 റൺസിന്റെ നാടകീയ തോൽവി വഴങ്ങിയിരുന്നു. 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 17 ഓവർ പൂർത്തിയായപ്പോൾ 148-4 എന്ന ശക്തമായ നിലയിലായിരുന്നു. അവസാന മൂന്ന് ഓവറിൽ ജയിക്കാൻ 31 റൺസ് മാത്രം വേണ്ടിയിരുന്ന മുംബൈക്ക്, ആറ് വിക്കറ്റുകൾ കൈയിലിരിക്കെ, അഞ്ച് റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി 163 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.