മുംബൈ: ഇതിഹാസ തരങ്ങള്‍ വീണ്ടും കളത്തിലേക്ക്. മുന്‍ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേസ് ലീഗ് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യ മാസ്റ്റേഴ്‌സ്- ശ്രീലങ്ക മാസ്റ്റേഴ്‌സ്, ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സ്, വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ്, ഇംഗ്ലണ്ട് മാസ്റ്റേഴ്സ്, ദക്ഷിണാഫ്രിക്ക മാസ്റ്റേഴ്സ് പോരാണ് ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ സമ്മാനിക്കാന്‍ അരങ്ങേറുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കുമാര്‍ സംഗക്കാര ഉള്‍പ്പെടെയുള്ളവര്‍ കളത്തിലെത്തും. ഈ മാസം 22 മുതല്‍ മാര്‍ച്ച് 16 വരെയാണ് ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് പോരാട്ടം. മുംബൈ, വഡോദര, റായ്പുര്‍ എന്നിവിടങ്ങളിലായാണ് പോരാട്ടം. ഇന്ത്യ മാസ്റ്റേഴ്‌സിനെ സച്ചിനും ശ്രീലങ്ക മാസ്റ്റേഴ്‌സിനെ സംഗക്കാരയും നയിക്കും.

യുവരാജ് സിങ്, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, ഇര്‍ഫാന്‍, യൂസുഫ് പഠാന്‍മാര്‍ അടക്കമുള്ള താരങ്ങളും ഇന്ത്യക്കായി കളത്തിലെത്തും. റൊമേഷ് കലുവിതരണ, ലഹിരു തിരിമന്നെ, ഉപുല്‍ തരംഗ അടക്കമുള്ളവര്‍ ശ്രീലങ്കന്‍ നിരയിലും ഇറങ്ങുന്നുണ്ട്. ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സനാണ്. ഷോണ്‍ മാര്‍ഷ്, ഡാനിയല്‍ ക്രിസ്റ്റ്യന്‍, ബെന്‍ കട്ടിങ്, ജെയിംസ് പാറ്റിന്‍സന്‍ അടക്കമുള്ള താരങ്ങളും ഓസീസ് മാസ്റ്റേഴ്‌സ് ടീമിനായി കളത്തിലെത്തും.

വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ് ടീമിനെ ബ്രയാന്‍ ലാറയാണ് നയിക്കുന്നത്. ഇംഗ്ലണ്ട് മാസ്റ്റേഴ്സ് ടീം ഇയാന്‍ മോര്‍ഗന്റെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്. ജാക്വിസ് കാലിസാണ് ദക്ഷിണാഫ്രിക്ക മാസ്റ്റേഴ്സിന്റെ ക്യാപ്റ്റന്‍.