- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്തറിനെ ഗ്യാലറിയിലെത്തിച്ചതിന് സമാനമായൊരു അപ്പര്‍കട്ട്; പുതുതലമുറയെ കൊണ്ട് പോലും സച്ചിനാരവം മുഴക്കി ഗ്യാലറികളെ ത്രസിപ്പിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍; ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശം പരത്തിയേക്കാം പക്ഷെ സൂര്യന്‍ വിസ്മയം തന്നെയെന്ന് സോഷ്യല്‍ മീഡിയ; ക്രിക്കറ്റ് പിച്ചുകള്‍ക്ക് സച്ചിന് വീണ്ടും തീ പിടിപ്പിക്കുമ്പോള്‍
മുംബൈ: 'വയസ്സാനാലും ഉന്‍ സ്റ്റൈലും,അഴകും ഉന്നെ വിട്ട് പോകല'... പടയപ്പ എന്ന ചിത്രത്തില്‍ രമ്യ കൃഷ്ണന്റെ കഥാപാത്രം രജനീകാന്തിനൊട് പറയുന്ന ഈ സംഭാഷണം ശ്രദ്ധേയമാണ്.പല അവസരങ്ങളിലും ഈ സംഭാഷണം നാം എടുത്ത് പ്രയോഗിക്കാറുണ്ടെങ്കിലും അത് അന്വര്‍ത്ഥമാകുന്ന ചില നിമിഷങ്ങളുണ്ട്.മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറുടെ കാര്യം അത്തരത്തിലാണ്.ഈ വാചകത്തിനൊപ്പം വേണമെങ്കില്‍ ഒന്നുകൂടി കൂട്ടാമെന്നെ ഉള്ളൂ.. 'വയസ്സാനാലും ഉന്‍ സ്റ്റൈലും,അഴകും ക്ലാസും എന്നാക്കുമ്പോഴാണ് സച്ചിന്റെ കാര്യത്തില്‍ അത് പൂര്‍ണ്ണമാകുന്നത്.ഈ പറഞ്ഞത് അതിശയോക്തിയല്ലെന്ന് മനസിലാക്കാന്‍ ഒരുപാടൊന്നും പുറകിലോട്ട് പോകണ്ട.. ഇന്നലെ അവസാനിച്ച മാസ്റ്റര്‍ ലീഗിലെ പ്രകടനം മാത്രം നോക്കിയാല്‍ മതി.
തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു ഈ ടൂര്‍ണ്ണമെന്റിലുടനീളം സച്ചിന്റെത്.ഫൈനലില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്തറിനെ സിക്സറിന് പറത്തിയ അപ്പര്‍കട്ടിന്റെ തനിയാവര്‍ത്തനം കൂടിയായപ്പോള്‍ ആ പ്രതിഭ പതിന്മടങ്ങ് ശോഭയോടെ ഇന്നും പ്രകാശിക്കുന്നതായി നമുക്ക് വ്യക്തമാകും.റായ്പൂര്‍,വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ വിന്‍ഡീസിനെതിരെ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് കാണികളെ വിസ്മയിപ്പിച്ച് സച്ചിന്റെ അപ്പര്‍കട്ട് സിക്സര്‍ പറന്നത്.ആറാം ഓവറില്‍ വിന്‍ഡീസിന്റെ ജെറോം ടെയ്‌ലര്‍ക്കെതിരെയായിരുന്നു സച്ചിന്റെ അപ്പര്‍ കട്ട്.2003 ലോകകപ്പില്‍ പാക് പേസര്‍ ഷുഹൈബ് അക്തറിനെതിരെ സച്ചിന്‍ പായിച്ച അപ്പര്‍കട്ടിന് സമാനമായ രീതിയിലായിരുന്നു ജെറോം ടെയ്‌ലര്‍ക്കെതിരെയും ഷോട്ട് പായിച്ചത്.
അപ്പര്‍ കട്ട് മാത്രമല്ല,അതിന് തൊട്ടുമുമ്പ് കളിച്ച ഷോട്ടും സച്ചിന്റെ ക്ലാസ് എവിടേയും പോയിട്ടില്ലെന്ന് വിളിച്ചു പറയുന്നതായിരുന്നു. റായ്പൂരില്‍ ഹൗസ്ഫുള്‍ കാണികളെ സാക്ഷി നിര്‍ത്തിയായിരുന്നു സച്ചിന്റെ പ്രകടനം. ഇതോടെ സച്ചിന്റെ ടെകസ്റ്റ്ബുക്ക് ഷോട്ടുകളെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാവുകയാണ് സമൂഹമാധ്യമങ്ങളില്‍.
പ്രതാപകാലത്തെ ഓര്‍മ്മപ്പെടുത്തിയ പരമ്പര
1998ലെ ഷാര്‍ജ കൊക്കക്കോള കപ്പില്‍ മണലാരണ്യത്തിലെ പൊടിക്കാറ്റിനെപ്പോലും വെല്ലുവിളിച്ച് സാക്ഷാല്‍ ഷെയിന്‍വോണിന്റെ പോലും പേടി സ്വപ്നമായി മാറിയ സച്ചിന്റെ പ്രതാപകാലം.ആ വിസ്മയ കാലത്തെ ഓര്‍മ്മപ്പെടുത്തിയ ടൂര്‍ണ്ണമെന്റായിരുന്നു ഇന്നലെ സമാപിച്ച മാസ്റ്റേഴ്സ് ലീഗ്.സച്ചിന് മാത്രം ഇന്നും പൂര്‍ണ്ണതയോടെ കളിക്കാന്‍ കഴിയുന്ന ക്രിക്കറ്റിലെ പല ഷോട്ടുകളും അതേ ഭംഗിയോടെ ആരാധകര്‍ക്ക് കാണുവാന്‍ ലഭിച്ച അവസരം.
അടുത്ത മാസം 52 തികയുന്ന അദ്ദേഹം ഈ പരമ്പരയില്‍ നേടിയ റണ്‍സ് കുറവാണെങ്കില്‍ പോലും, നേടിയ റണ്‍സുകളൊക്കെയും നിര്‍ണ്ണായകം തന്നെയായിരുന്നു.പ്രത്യേകിച്ചും സെമിയിലും ഫൈനലിലും.സ്റ്റാന്‍ഡ്‌സില്‍ തുടങ്ങുന്ന അപ്രമാദിത്യം ഷോട്ടുകളിലേക്ക് ആവാഹികുമ്പോള്‍ സ്റ്റേഡിയത്തില്‍ സച്ചിന്‍ സച്ചിന്‍ എന്ന മന്ത്രം മുഴങ്ങുകയും ആരാധകരുടെ നെഞ്ചിടിപ്പ് ഒരു പതിറ്റാണ്ടു പുറകിലേക്ക് പായുകയും ചെയ്യുന്നു.ഫൈനലില്‍ ഗാലറിയില്‍ തിങ്ങിനിറഞ്ഞ അര ലക്ഷത്തോളം കാണികളെ സാക്ഷികളാക്കി മറ്റൊരു ബൗണ്ടറിക്കുള്ള സച്ചിന്റെ ശ്രമം ബൗണ്ടറി ലൈനിന് അരികെ ചാഡ്വിക് വാള്‍ട്ടന്റെ ക്യാച്ചില്‍ അവസാനിക്കുമ്പോള്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഇന്ത്യയിലെ വിവിധ സ്റ്റേഡിയങ്ങള്‍ സാക്ഷ്യം വഹിച്ച ആ ഭയപ്പെടുത്തുന്ന നിശബ്ദതയും പുനരാവിഷ്‌കാരം പോലെ സ്റ്റേഡിയത്തില്‍ നിറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ നേടിയ ആ കവര്‍ ഡ്രൈവ് + പുള്‍ ഷോട്ട്...ഓസ്ട്രേലിയക്കെതിരെ നേടിയ പാഡില്‍ സ്വീപ്,ലേറ്റ് കട്ട്,ലോഫ്റ്റഡ് ഷോട്ട്, ഇന്‍സൈഡ് ഔട്ട് എന്നിവ ഫൈനലില്‍ വന്ന ആ അപ്പര്‍ കട്ട് ഷോട്ട്.90 ഡിഗ്രി സ്ട്രൈറ്റ് ഡ്രൈവ് മാത്രം ഈ പരമ്പര ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ച മുഹൂര്‍ത്തങ്ങളുടെ മാറ്ററിയാന്‍.പല ഐസിസി ടൂര്‍ണമെന്റുകളില്‍ പോലും കാലിയായി കാണാറുള്ള സ്റ്റേഡിയങ്ങള്‍ കാണുന്ന സമയത്ത് പോലും വിരമിച്ചു ഒരു വ്യാഴവട്ടകാലം പൂര്‍ത്തിയാകുന്ന വേളയില്‍ പോലും ഇന്നലെ നിറഞ്ഞു നിന്നത് 47000+ കാണികളും ജിയോ ഹോട്ട് സ്റ്റാറില്‍ അദ്ദേഹം ബാറ്റ് ചെയ്യുന്ന സമയം ഒരു കോടിയിലേറെ കാഴ്ചകാരും.
കാണികളെ തന്റെ ബാറ്റുകൊണ്ട് വീണ്ടും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയതോടെ സച്ചിന്‍ തന്നെയാണ് വീണ്ടും കായികലോകത്തെ ചര്‍ച്ച വിഷയം.സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ സച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകളും കുറിപ്പുകളുമാണ്.ഒരു കുറിപ്പിലെ ശ്രദ്ധേയമായ വാചകം ഇങ്ങനെയാണ്..ചന്ദ്രനും ചിലപ്പോള്‍ നക്ഷത്രങ്ങളും പ്രകാശം പരത്തിയേക്കാം പക്ഷെ സൂര്യന്‍ എന്നത് ഒരു വിസ്മയം തന്നെയാണ്... അത് പോലെ തന്നെയാണ് സച്ചിനും. ശരിക്കും അദ്ദേഹത്തെ നമ്മള്‍ ആയിരുന്നോ പിന്തുടരുന്നത് ഒരിക്കലുമല്ല അദ്ദേഹം നമ്മളെയാണ് പിന്തുടരുന്നത്.ഭാഷകളാല്‍ വിഭജിച്ച് നില്‍ക്കുന്ന ഇന്ത്യയെ ക്രിക്കറ്റ് എന്ന കായിക വിനോദം കൊണ്ട് ഒന്നുപിച്ചു നിര്‍ത്തിയ ഇതിഹാസം. ഇനിയും കാത്തിരിക്കുന്നു. അദ്ദേഹത്തിന്റെ അടുത്ത വരവിനായി. ആ സ്ട്രൈറ്റ് ഡ്രൈവ് നു വേണ്ടി.
ഗാലറികളില്‍ വീണ്ടും നിറയുന്ന സച്ചിനാരവം
മാസ്റ്റേഴ്് ലീഗിന്റെ ഫൈനലിലെ ഗാലറിയിലെ ആരവവും കാഴ്ച്ചയും കണ്ടാല്‍ കാലം പിന്നോട്ട് പോയോ എന്ന് ആരും സംശയിച്ചു പോകും.പ്രത്യേകിച്ചും സച്ചിന്‍ ടെന്‍ഡുകള്‍ക്കര്‍ തന്റെ പ്രതാപകാലത്ത് കളിച്ച ആ ദിനങ്ങളിലേക്ക്.കാരണം 98-2000 കാലഘട്ടത്തെ അനുസ്മരിപ്പിച്ച് സച്ചിന്‍.. സച്ചിന്‍ എന്ന ആരവമാണ് ഇന്നലെ ആ ഗ്രൗണ്ടില്‍ മുഴങ്ങിക്കേട്ടത്.സച്ചിന്‍ വിരമിക്കുമ്പോള്‍ ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമുള്ളവരും ക്രിക്കറ്റിന്റെ മാറുന്ന കാലത്ത് ഈ കളിയെ ഇഷ്ടപ്പെട്ടവരുമൊക്കെയാണ് ഇന്നലെ സച്ചിന് വേണ്ടി ജയ് വിളിച്ചതും ഒടുവില്‍ ഔട്ടായപ്പോള്‍ പൂര്‍ണ്ണ നിശ്ബദതയിലേക്ക് വീണതും. വാണ്‍ഡറേഴ്സില്‍,ഈഡന്‍ ഗാര്‍ഡന്‍സില്‍,വാംഖഡെയില്‍ ഒക്കെ ഉയര്‍ന്നുകേട്ട സാാാ....ച്ചിന്‍...... സച്ചിന്‍ എന്ന ആരവം അതേ
ഊര്‍ജത്തോടെ,ഒരു പക്ഷേ മുമ്പു കേട്ടത്തിനെക്കാള്‍ ഉച്ചത്തില്‍ ഇന്നലെ ശഹീദ് വീര്‍ നാരായണ്‍ സിങ് സ്റ്റേഡിയത്തില്‍ മുഴങ്ങി.ഐപിഎല്‍ ഉള്‍പ്പടെ നിലവിലെ ക്രിക്കറ്റിന്റെ മുഴുവന്‍ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴാണ് കളത്തിലറങ്ങുമ്പോഴൊക്കെ ആരാധകരെക്കൊണ്ട് സച്ചിന്‍ ഗാലറികളെ ശബ്ദമുഖരിതമാക്കുന്നത്.സോഷ്യല്‍ മീഡിയകളില്‍ക്കൂടിയൊക്കെ മാത്രം ആരായിരുന്നു സച്ചിന്‍ എന്നറിഞ്ഞിവരാണ് ഈ പരമ്പരയിലുടനീളം ആ വിശ്വരൂപം കാണാന്‍ സ്റ്റേഡിയത്തിലേക്കെത്തിയത്.
അഞ്ചാമത്തെ ഓവറിന്റെ അവസാന രണ്ട് പന്തുകള്‍ മാത്രം നോക്കുക.ഈ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബോളര്‍മാരിലൊരാളായ ജറോം ടെയ്ലറുടെ അഞ്ചാം പന്ത് അല്‍പമൊന്ന് ബാക്ക് ഫൂട്ടിലേക്ക് മാറി രണ്ടാം സ്ലിപ്പിനപ്പുറത്തുകൂടി ചെത്തി വിട്ട ബൗണ്ടറി,തീര്‍ന്നില്ലെന്ന് ഉറപ്പിച്ച് തൊട്ടടുത്ത പന്തില്‍ ശരീരഭാരം കുറേക്കൂടി വലതുകാലില്‍ ഞൊടിയിടയില്‍ മാറ്റി ഗാലറിയിലേക്ക് പറത്തിയ സിക്സര്‍!അയാള്‍ അവസാന രാജ്യാന്തര ട്വന്റി 20 കളിച്ചത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2006 ല്‍!അയാള്‍ അവസാന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിച്ചത് സ്വന്തം ടീമായ മുംബൈ ഇന്ത്യന്‍സിന് കിരീടം നേടിക്കൊണ്ട് 2013 ല്‍!അയാള്‍ അവസാന ടെസ്റ്റ് കളിച്ചത് വെസ്റ്റിന്‍ഡീസിനെതിരെ അതേ 2013 ഒക്ടോബറില്‍..പക്ഷെ ഇപ്പോഴും ആയാള്‍ അയാളായിത്തന്നെ നില്‍ക്കുന്നു.
സച്ചിന്‍, എങ്ങനെയാണ് താങ്കളുടെ സ്ട്രോക്കുകളെ വര്‍ണ്ണിക്കാനാവുക. ബാറ്റെടുക്കുമ്പോഴൊക്കെ തന്നെയും സച്ചിനെ വര്‍ണ്ണിച്ചും എഴുതിയും തളരുന്നത് കളിയെഴുത്തുകരാണ്.അവരുടെ അക്ഷരങ്ങളെ പരീക്ഷിച്ച് അയാളിന്നും ക്രീസില്‍ നിറഞ്ഞാടുന്നു.