മുംബൈ: ഏറെ നാളുകള്‍ക്ക് ശേഷം ബാല്യകാല സുഹൃത്തുക്കളും സഹ താരങ്ങളുമായിരുന്ന അവര്‍ കണ്ടുമുട്ടി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും സ്‌കൂള്‍ കാലത്തെ കളിക്കൂട്ടുകാരനും ഇന്ത്യന്‍ മുന്‍ താരവുമായ വിനോദ് കാംബ്ലിയുമായുള്ള വികാരനിര്‍ഭരമായ പുനഃസമാഗമം നവമാധ്യമങ്ങളില്‍ വൈറലായി മാറി.

മുംബൈയിലെ സ്‌കൂള്‍ കാലഘട്ടത്തിലെ ഗുരുനാഥനായ ക്രിക്കറ്റ് കോച്ച് രമാകാന്ത് അച്രേക്കറിന്റെ സ്മാരകത്തിന്റെ അനാച്ഛാദന വേളയിലാണ് ഇരുതാരങ്ങളും ഒത്തുചേര്‍ന്നത്. വേദിയുടെ ഒരരികില്‍ ഇരിക്കുകയായിരുന്ന കാംബ്ലിയുടെ അടുത്തേക്ക് സച്ചിന്‍ ചെന്നു ആലിംഗനം ചെയ്തു. അടുത്തെത്തിയ കളിക്കൂട്ടുകാരന്റെ കൈ വിടാന്‍ പോലും കൂട്ടാക്കാതെ കാംബ്ലി സച്ചിന്റെ കൈ മുറുകെപ്പിടിച്ചു. പിന്നീട് കാംബ്ലിയുടെ കൈ വിടുവിച്ച് ചിരിച്ചുകൊണ്ട് സച്ചിന്‍ ഇരിപ്പിടത്തിലേക്ക് മടങ്ങി.

മുംബൈയില്‍ രണ്ട് ക്രിക്കറ്റ് പ്രതിഭകളുടെ ഗൃഹാതുരമായ ഓര്‍മ്മകളുടെ വേദി കൂടിയായി അതുമാറി. സ്‌കൂള്‍ കാലത്ത് ഒരുമിച്ചു കളിച്ചു വളര്‍ന്ന സച്ചിനും കാംബ്ലിയും പിന്നീട് ഇന്ത്യന്‍ ടീമിലും ഒരുമിച്ചു. എന്നാല്‍ അച്ചടക്കമില്ലാത്ത സ്വഭാവവും മോശം ഫോമും മൂലം കാംബ്ലിയുടെ കരിയര്‍ അധികകാലം നീണ്ടു നിന്നില്ല. രോഗം മൂലം അവശതകള്‍ നേരിടുകയാണ് കാംബ്ലിയിപ്പോള്‍.


അനാച്ഛാദന ചടങ്ങില്‍ അച്രേക്കറുടെ മറ്റു ശിഷ്യന്മാരും മുന്‍ ക്രിക്കറ്റ് താരങ്ങളുമായ പരസ് മാംബ്രേ, പ്രവീണ്‍ ആംരെ, ബല്‍വീന്ദര്‍ സിംഗ് സന്ധു, സമീര്‍ ദിഗെ, സഞ്ജയ് ബംഗാര്‍ എന്നിവരും പങ്കെടുത്തിരുന്നു.