ജയ്പൂര്‍: ഐപിഎല്‍ താരലേലത്തില്‍ ഒരു ടീമും തന്നെ ടീമിലെടുക്കാതിരുന്നപ്പോള്‍ ആശ്വാസവാക്കുകളുമായി കൂടെ നിന്നത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ താരം സന്ദീപ് ശര്‍മ. 2023ലെ താരലേലത്തില്‍ തന്നെ ആരും ടീമിലെടുത്തില്ലെങ്കിലും പരിക്കേറ്റ പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനായി രാജസ്ഥാന്‍ റോയല്‍സ് തന്നെ ടീമിലെടുക്കാന്‍ കാരണം സഞ്ജുവാണെന്നും സന്ദീപ് ശര്‍മ പറഞ്ഞു.

2023 സീസണില്‍ അവസരം ലഭിക്കാതിരുന്ന സന്ദീപ് ശര്‍മയെ, പരുക്കേറ്റ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരക്കാരനായാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തത്. തുടര്‍ന്നു കളിച്ച രണ്ടു സീസണുകളില്‍നിന്ന് 23 വിക്കറ്റുകളാണ് സന്ദീപ് സ്വന്തമാക്കിയത്.

''ആ സമയത്ത് എനിക്ക് സഞ്ജു സാംസണിന്റെ ഫോണ്‍ വന്നു. അദ്ദേഹം അന്ന് എന്നോട് ഒരുപാടു പോസിറ്റീവ് കാര്യങ്ങള്‍ പറഞ്ഞു. താരലേലത്തില്‍ എന്നെ ആരും ടീമില്‍ എടുക്കാതിരുന്നത് അദ്ദേഹത്തെ വളരെയധികം വിഷമിപ്പിച്ചുവെന്നും പറഞ്ഞു. എന്റെ ബോളിങ് മികവില്‍ വിശ്വസിച്ച സഞ്ജു, ആ സീസണില്‍ എനിക്ക് അവസരം ഒരുക്കിത്തരാമെന്നും വാഗ്ദാനം ചെയ്തു. മിക്ക ടീമുകളിലും പരുക്കിന്റെ പ്രശ്‌നങ്ങളുണ്ടെന്നും രാജസ്ഥാന്‍ റോയല്‍സിലും സമാന പ്രശ്‌നങ്ങളുണ്ടെന്നും സഞ്ജു വിശദീകരിച്ചു. ആ സീസണില്‍ ഞാന്‍ ഐപിഎലില്‍ കളിക്കുമെന്നും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും സഞ്ജു എന്നോടു പറഞ്ഞു' സന്ദീപ് വിശദീകരിച്ചു.

'ആ സമയത്ത് എന്റെയുള്ളില്‍ പോസിറ്റീവ് ചിന്ത ഉണര്‍ത്തിയ ഒരേയൊരു വ്യക്തി സഞ്ജുവാണ്. അത് വ്യക്തിപരമായി എനിക്ക് വളരെയധികം ഉപകാരം ചെയ്തു. ആ സവിശേഷ സാഹചര്യത്തെക്കുറിച്ച് എന്നോട് പറഞ്ഞ ഒരേയൊരാള്‍ സഞ്ജുവാണ്. പിന്നീട് രാജസ്ഥാന്‍ ക്യാംപിലേക്ക് സഞ്ജു തന്നെ എന്നെ ക്ഷണിച്ചു. പ്രസിദ്ധ് കൃഷ്ണ നിര്‍ഭാഗ്യവശാല്‍ പരുക്കേറ്റ് പുറത്തായപ്പോള്‍ ടീമിലും ഇടം തന്നു. അന്നു മുതല്‍ ഐപിഎലിലെ ഓരോ മത്സരവും ഞാന്‍ കളിക്കുന്നത് അത് എന്റെ അവസാന മത്സരമാണെന്ന ചിന്തയോടെയാണ്' സന്ദീപ് ശര്‍മ പറഞ്ഞു.

ഐപിഎലില്‍ ഏറ്റവും മികച്ച ബോളര്‍മാരുടെ ഗണത്തില്‍പ്പെടുന്ന താരമാണ് സന്ദീപ് ശര്‍മ. 2013 മുതല്‍ 2018 വരെ പഞ്ചാബ് കിങ്‌സ് താരമായിരിക്കെ, സന്ദീപിന്റെ തകര്‍പ്പന്‍ പ്രകടനം ശ്രദ്ധ നേടി. ആ ആറു സീസണുകളിലായി 56 മത്സരങ്ങളില്‍നിന്ന് 71 വിക്കറ്റുകളാണ് സന്ദീപ് സ്വന്തമാക്കിയത്. ന്യൂബോളില്‍ ഏറ്റവും വിശ്വസിക്കാവുന്ന ബോളര്‍മാരുടെ ഗണത്തിലും അദ്ദേഹം ഇടംപിടിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലും 48 മത്സരങ്ങളില്‍നിന്ന് 43 വിക്കറ്റുകളുമായി അദ്ദേഹം തിളങ്ങി.

പിന്നീട് 2023ല്‍ രാജസ്ഥാനില്‍ എത്തിയതോടെയാണ് സന്ദീപിന്റെ കരിയറിന്റെ അടുത്ത അധ്യായം തുടങ്ങുന്നത്. 2023 സീസണില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പരുക്കേറ്റതോടെ ടീമിലെത്തിയ സന്ദീപ് ശര്‍മ, രണ്ടു സീസണുകളിലായി രാജസ്ഥാന്‍ റോയല്‍സിനായി 22 കളികളില്‍നിന്ന് 23 വിക്കറ്റ് സ്വന്തമാക്കി.