രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം മത്സരത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ടീം. ഇന്ന് കൂടി ജയിച്ച് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യവുമായാണ് ടീം ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക. ഇന്നത്തെ മത്സരം സഞ്ജു സാംസണിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ആദ്യ രണ്ട് മത്സരത്തില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനകാതെ സഞ്ജു മടങ്ങിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ജോഫ്രെ ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളിനാണ് സഞ്ജു വീണ് പോയത്.

ഇപ്പോള്‍ ആര്‍ച്ചറിനെ നേരിടാന്‍ 19-ാമത്തെ അടവുമായി ഇറങ്ങിയിരിക്കുകയാണ് സഞ്ജു. മറ്റ് താരങ്ങള്‍ പരിശീലനത്തിന് എത്തുന്നതിന് മുന്‍പ് തന്നെ ഗ്രൗണ്ടിലെത്തി താരം പരിശീലനം തുടങ്ങി. സഞ്ജുവിനെ സഹായിക്കാന്‍ പുതിയ ബാറ്റിങ് കോച്ചായ സിതാന്‍ഷു കൊട്ടക്കും ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റുകളും ഉണ്ടായിരുന്നു.

സിമന്റിട്ട പിച്ചില്‍ 45 മിനിറ്റോളം സാംസണ്‍ ബാറ്റ് ചെയ്തു, അവിടെ പുള്‍ ഷോട്ടുകളും ഹുക്ക് ഷോട്ടുകളും താരം പ്ലാസ്റ്റിക് ബോളില്‍ പരിശീലിച്ചു. കൊട്ടക് ബാറ്ററുമായി ഇടയ്ക്കിടെ സംസാരിക്കുന്നതും കാണാന്‍ സാധിച്ചിരുന്നു. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍ ഓരോ പന്തുകള്‍ എറിയുമ്പോഴും സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷനും മറ്റുമൊക്കെ ചര്‍ച്ചക്ക് കാരണമായി. മുക്കാല്‍ മണിക്കൂറോളം സഞ്ജു ബൗണ്‍സറുകള്‍ നേരിട്ട് ബാറ്റിംഗ് പരിശീലനം നടത്തി.

അതിവേഗ ബോളര്‍മാരുടെ പേസും ബൗണ്‍സുമുള്ള പന്തുകളില്‍ സഞ്ജു സാംസണിന് കാര്യമായ തോതില്‍ റണ്‍സ് കണ്ടെത്താനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ രണ്ടു മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറിനെതിരെ സമാനമായ രീതിയില്‍ സഞ്ജു പുറത്തായതു ചൂണ്ടിക്കാട്ടിയായിരുന്നു ചോപ്രയുടെ പരാമര്‍ശം.

ഒന്നാം ട്വന്റി20യില്‍ ഗസ് അറ്റ്കിന്‍സനെതിരെ ഒരു ഓവറില്‍ 22 റണ്‍സ് നേടിയ പ്രകടനം മാറ്റിനിര്‍ത്തിയാല്‍, പേസും ബൗണ്‍സുമുള്ള പന്തുകളില്‍ റണ്‍സ് കണ്ടെത്താന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇവരുടെ പന്തുകളില്‍ സഞ്ജു വിക്കറ്റും നഷ്ടമാക്കുന്നതായി അദ്ദേഹം പറഞ്ഞു. അതിവേഗ പന്തുകളിലെ ദൗര്‍ബല്യം ചര്‍ച്ചയാകുന്നതിനിടെയാണ്, ആ പ്രശ്‌നം പരിഹരിക്കാന്‍ സഞ്ജുവിന്റെ പ്രത്യേക നീക്കം.