രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെ മറികടന്ന് ഫൈനലിലേക്ക് മുന്നേറിയ കേരള ടീമിന് അഭിനന്ദനങ്ങളുമായി സഞ്ജു സാംസണ്‍. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ കണ്ട സ്വപനത്തിലേക്ക് ഒരു സ്റ്റെപ് മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അത് നമ്മള്‍ കടന്ന് കിരീടം നേടുമെന്നും സഞ്ജു ആശംസിച്ചു. 2019 ല്‍ കേരളം ആദ്യമായി രഞ്ജി ട്രോഫി ചരിത്രത്തില്‍ സെമിയിലെത്തിയപ്പോള്‍ സഞ്ജുവും ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ അന്ന് വിദര്‍ഭയോട് തോറ്റ് മടങ്ങേണ്ടി വന്നു. അതേസമയം പരിക്കുമൂലം വിട്ടുനില്‍ക്കുന്ന സഞ്ജുവിന് ഫൈനലിലും കേരളത്തിനായി കളിക്കാനാവില്ല.

സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ അതിനിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയാണ് കേരളം ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 457 റണ്‍സിന് മറുപടിയായി അവസാന ദിനം ബാറ്റിംഗ് തുടര്‍ന്ന ഗുജറാത്ത് 45റണ്‍സിന് പുറത്തായി. കേരളത്തിന് 2 റണ്‍സിന്റെ നിര്‍ണായകമായ ലീഡ്.

നാലാം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സ് എടുത്ത് നില്‍ക്കുക ആയിരുന്നു. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഗുജറാത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ 28 റണ്‍സ് കൂടി മതിയെന്ന അവസ്ഥ നില്‍ക്കെ കേരളത്തിന്റെ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നാണ് ആരാധകര്‍ കരുതിയത്.

ഇന്നലത്തെ ബാറ്റിംഗ് ഹീറോ ജയ്മീത് പട്ടേലിനെ 79 റണ്‍സ് പുറത്താക്കി ആദിത്യ സര്‍വാതെ കേരളത്തിന് ആത്മവിശ്വാസം നല്‍കി. തൊട്ടുപിന്നാലെ സിദാര്‍ഥ് ദേശായിയെ 30 മടക്കി വീണ്ടും ആദിത്യ സര്‍വാതെ കേരളത്തിന്റെ രക്ഷകനായി. കേരളത്തിന് ലീഡ് നേടാന്‍ ഒരു വിക്കറ്റും ഗുജറാത്തിന് ലീഡ് 12 റണ്‍സും മാത്രം നില്‍ക്കെ ഇരുടീമുകളും ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തിറക്കി.

എന്തായാലും ഗുജറാത്തിനെ സംബന്ധിച്ച് കേരളം ഫീല്‍ഡര്‍മാരുടെ അബദ്ധങ്ങള്‍ ലക്കി റണ്‍സ് ആയി കിട്ടിയപ്പോള്‍ കേരളം ലീഡ് കൈവിടുമോ എന്ന് ഭയന്നു. എന്നാല്‍ ഗുജറാത്തിനെ അതുവരെ രക്ഷിച്ച ഭാഗ്യം കേരളത്തിന് ഗുണമായി. 2 റണ്‍സ് മാത്രം മതിയായിരിക്കെ ഗുജറാത്തിന്റെ അര്‍സന്റെ ഒരു എഡ്ജ് ഷോര്‍ട് ലെഗില്‍ നിന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റിലിടിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈയില്‍ എത്തിയതോടെ കേരളം ഫൈനലിന് തൊട്ടരികെ എത്തിയത്.