ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ പൂജ്യത്തിന് പുറത്തായതോടെ സഞ്ജു സാംസണിന് നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ്. ടി20 ചരിത്രത്തില്‍ ആദ്യമായി തുടരെ സെഞ്ചുറികള്‍ സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി തൊട്ടടുത്ത മത്സരത്തിലാണ് സഞ്ജു പൂജ്യനായി മടങ്ങിയത്. ഇതോടെ 2024ല്‍ ടി20യില്‍ നാലാമത്തെ തവണയാണ് സഞ്ജു പൂജ്യനായി മടങ്ങിയത്.

നേരത്തെ ഇന്ത്യന്‍ താരങ്ങളായ യൂസഫ് പത്താന്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഒരു വര്‍ഷത്തില്‍ 3 പൂജ്യങ്ങള്‍ വീതം നേടിയിട്ടുണ്ട്. ഈ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്.

ടി20 ക്രിക്കറ്റില്‍ സഞ്ജുവിന്റെ ശൈലി രോഹിത് ശര്‍മയെ ഓര്‍പ്പിക്കുന്നതായാണ് പലപ്പോഴും ആരാധകര്‍ പറയാറുള്ളത്. തന്റേതായ ദിനത്തില്‍ ഏത് ബൗളിംഗ് നിരയേയും തകര്‍ക്കാനുള്ള സഞ്ജുവിന്റെ ശേഷിയെയാണ് രോഹിത്തുമായി താരത്തെ താരതമ്യം ചെയ്യാന്‍ കാരണം. അതിന് പുറമെ മധ്യനിരയില്‍ നിന്നും ഓപ്പണറായ ശേഷമായിരുന്നു രോഹിത് ശര്‍മ ഹിറ്റ്മാനായി മാറിയത്. സഞ്ജുവിന്റെ കാര്യത്തിലും ഇത് അങ്ങനെ തന്നെയാണ്.

നിലവില്‍ ടി20 ക്രിക്കറ്റില്‍ 12 തവണയാണ് രോഹിത് പൂജ്യനായി മടങ്ങിയിട്ടുള്ളത്. ഒരു വര്‍ഷം തന്നെ ടി20യില്‍ 4 തവണ പൂജ്യത്തിന് മടങ്ങിയ സഞ്ജു ഡക്കിന്റെ കാര്യത്തിലും രോഹിത്തുമായി മത്സരിക്കുകയാണോ എന്നാണ് താരത്തിന്റെ ഡക്കില്‍ ആരാധകരുടെ പരിഹാസം.