ദുബായ്: ടി20 ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ. ഏഷ്യാ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ മൂന്ന് സിക്സറുകൾ നേടിയതോടെയാണ് താരം നേട്ടം സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെയാണ് സഞ്ജു മറികടന്നത്.

പതിമൂന്നാം ഓവറില്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയെ സിക്സിന് തൂക്കിയാണ് ധോണിയെ മറികടന്ന് 53 സിക്സുകളുമായി സഞ്ജു ഇന്ത്യൻ വിക്കറ്റ് കീപ്പര്‍മാരിലെ സിക്സര്‍ വേട്ടക്കാരില്‍ ഒന്നാമതെത്തിയത്. ഹസരങ്കയുടെ അടുത്ത ഓവറിലും സിക്സ് നേടിയ സഞ്ജു ഷനകയ്ക്കെതിരെയും സിക്സ് അടിച്ചാണ് മൂന്ന് സിക്സുകള്‍ തികച്ചത്. ഷനകയെ സിക്സ് അടിച്ചതിന് പിന്നാലെ മറ്റൊരു സിക്സിനായുള്ള ശ്രമത്തില്‍ 23 പന്തില്‍ 39 റണ്‍സെടുത്ത് സഞ്ജു പുറത്തായിരുന്നു.

48 ഇന്നിംഗ്സുകളിൽ നിന്നാണ് സഞ്ജു 53 സിക്സറുകൾ നേടിയത്. അതേസമയം, 85 ഇന്നിംഗ്സുകളിൽ നിന്നാണ് ധോണി 52 സിക്സറുകൾ നേടിയത്. ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ റിഷഭ് പന്ത് 66 ഇന്നിംഗ്സുകളിൽ നിന്ന് 44 സിക്സറുകളുമായി മൂന്നാം സ്ഥാനത്തും, ഇഷാൻ കിഷൻ 32 ഇന്നിംഗ്സുകളിൽ നിന്ന് 32 സിക്സറുകളുമായി നാലാം സ്ഥാനത്തും നിൽക്കുന്നു.