ക്ലൈമാക്സില്‍ വമ്പന്‍ ട്വിസ്റ്റ്; ടൂര്‍ണ്ണമെന്റ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് സഞ്ജു സാംസണ്‍ ദുലീപ് ട്രോഫി സ്ക്വാഡില്‍; വഴിതുറന്നത് ഇഷാന് കാലില്‍ പരിക്കേറ്റതോടെ
സഞ്ജു സാംസണ്‍ ദുലീപ് ട്രോഫി സ്ക്വാഡില്‍
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: അവസാന നിമിഷമുണ്ടായ സിനിമാറ്റിക് ക്ലൈമാക്സ് ട്വിസ്റ്റോടെ സഞ്ജു സാംസണ്‍ ദുലീപ് ട്രോഫി ടീമില്‍ ഇടംനേടി.നേരത്തെ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.നിരാശയില്‍ നിന്നിടത്താണ് അവസാന നിമിഷം സഞ്ജുവിന് ടീമിലേക്ക് വിളിയെത്തുന്നത്.വഴി തുറന്നതാകട്ടെ ഇഷാന്‍ കിഷനേറ്റ പരിക്കും.രോഹിത് ശര്‍മ്മ ഉള്‍പ്പടെ ഇത്തവണ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകുന്നതില്‍ തന്നെ ഈ അവസരം നന്നായി വിനിയോഗിക്കാനായാല്‍ സഞ്ജുവിന് മുന്നില്‍ വലിയ സാധ്യതകളാണ് തുറക്കുക.
കാലിനു പരുക്കേറ്റ ജാര്‍ഖണ്ഡ് താരം ഇഷാന്‍ കിഷനു പകരക്കാരനായാണ് ബിസിസിഐ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇഷാന്‍ കിഷന്‍ പരുക്കുമൂലം കളിക്കുന്നില്ലെന്ന കാര്യവും, പകരം സഞ്ജു 'ഇന്ത്യ ഡി' ടീമില്‍ കളിക്കുന്ന വിവരവും ബിസിസിഐ തന്നെയാണ് അറിയിച്ചത്. അതേസമയം, അവസാന നിമിഷം ടീമില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇന്ത്യ 'സി'യ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു കളിക്കുന്നില്ല. ശ്രീകര്‍ ഭരതാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍.
ദുലീപ് ട്രോഫിയില്‍ ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ഇന്ത്യ ഡി ടീമില്‍ അംഗമായിരുന്നു ഇഷാന്‍.എന്നാല്‍ ബുച്ചി ബാബു ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനായുള്ള മത്സരത്തിനിടെ പരുക്കേറ്റതാണ് ഇഷാന് തിരിച്ചടിയായത്.ഇതേ ടൂര്‍ണ്ണമെന്റിനിടെ പരിക്കേറ്റ
സൂര്യകുമാര്‍ യാദവും പേസര്‍ പ്രസിദ്ധ് കൃഷ്ണയും ദുലീപ് ട്രോഫിയിലെ ആദ്യ മത്സരങ്ങളില്‍ കളിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി.
ഋതുരാജ് ഗെയ്ക്വാദ് ക്യാപ്റ്റനായ സി ടീമിനെതിരെയാണ് ഡി ടീമിന്റെ ആദ്യ മത്സരം. അനന്തപുര്‍ റൂറല്‍ ഡെവലപ്മെന്റ് സ്റ്റേഡിയത്തിലാണ് മത്സരം.ഇതേസമയം തന്നെ, ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ എ, ബി ടീമുകളും ഏറ്റുമുട്ടും.ദുലീപ് ട്രോഫിയിലെ ആദ്യ റൗണ്ട് മത്സരങ്ങളിലെ പ്രകടനം കൂടി പരിഗണിച്ചാകും ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക.
അതേസമയം ബംഗ്ലദേശിനെതിരായ പരമ്പരയില്‍ സഞ്ജുവിന് ടെസ്റ്റിലേക്കും വഴി തുറന്നേക്കുമെന്നും സൂചനകളുണ്ട്.ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കളിച്ചേക്കില്ല.ടെസ്റ്റ് പരമ്പരയ്ക്കു ശേഷം താരത്തിന് ബിസിസിഐ വിശ്രമം അനുവദിച്ചേക്കും.ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര പൂര്‍ത്തിയായി, നാലു ദിവസത്തിനു ശേഷം ടീം ഇന്ത്യയ്ക്ക് ന്യൂസീലന്‍ഡിനെതിരെ ടെസ്റ്റ് മത്സരം കളിക്കേണ്ടതുണ്ട്.കിവീസിനെതിരായ പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ താരങ്ങള്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്കു പറക്കും.ഈ സാഹചര്യത്തിലാണ് ഗില്ലിനെ ട്വന്റി20യില്‍ പുറത്തിരുത്താന്‍ ബിസിസിഐ ആലോചിക്കുന്നത്.
ഗില്ലിന്റെ അഭാവത്തില്‍ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദുമായിരിക്കും ബംഗ്ലദേശിനെതിരെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍. സിംബാബ്വെയ്ക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ച യുവതാരം അഭിഷേക് ശര്‍മയും ട്വന്റി20 ടീമിലേക്കു മടങ്ങിയെത്തിയേക്കും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനൊപ്പം റിങ്കു സിങ് മധ്യനിരയില്‍ കളിക്കും.ടെസ്റ്റ് മത്സരങ്ങളുടെ തിരക്കിലായതിനാല്‍ ഋഷഭ് പന്തും ട്വന്റി20 പരമ്പര കളിച്ചേക്കില്ല.സഞ്ജു സാംസണായിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍.ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിയാന്‍ പരാഗ്, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരും ട്വന്റി20 ടീമില്‍ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.