മുംബൈ: ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിന് മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരിച്ചടി. ടീം ഓപ്പണർ അഭിഷേക് ശർമ്മയെ വയറിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ, നമീബിയക്കെതിരായ മത്സരത്തിൽ താരം കളിക്കാനുള്ള സാധ്യത കുറവാണ്. അഭിഷേകിന് പകരം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് സൂചന. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ടീമിന്റെ ആദ്യ പരിശീലന സെഷനിൽ അഭിഷേക് ശർമ്മ പങ്കെടുത്തിരുന്നില്ല.

അമേരിക്കക്കെതിരായ ആദ്യ മത്സരത്തിൽ റണ്ണൊന്നും എടുക്കാതെ മടങ്ങിയ താരം, കടുത്ത പനി കാരണം ഫീൽഡിങ്ങിനും ഇറങ്ങിയിരുന്നില്ല. "രോഗലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ചില പരിശോധനകൾ നടക്കുന്നുണ്ട്. ഇന്ന് ഡിസ്ചാർജ് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ നമീബിയക്കെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കാനുള്ള സാധ്യത കുറവാണ്," ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

അഭിഷേക് ശർമ്മയ്ക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സഞ്ജു സാംസൺ ഇഷാൻ കിഷനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. അടുത്തിടെ ന്യൂസിലൻഡിനെതിരെ നടന്ന ടി20 മത്സരങ്ങളിൽ അവസരം ലഭിച്ചിട്ടും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്നതാണ് ലോകകപ്പിൽ ആദ്യ 11 അംഗ ടീമിൽ സഞ്ജുവിന് ഇടം നഷ്ടമാക്കിയത്. താരതമ്യേന ചെറിയ ടീമായ നമീബിയക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചാൽ തുടർന്നുള്ള മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് ആരാധകർ.

"അഭിഷേകിന് (അഭിഷേക് ശർമ്മ) ഇപ്പോഴും ചെറിയ വയറുവേദനയുണ്ട്. രണ്ട് ദിവസത്തിനകം നടക്കാനിരിക്കുന്ന മത്സരത്തിൽ അദ്ദേഹം കളിക്കാനുണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്," ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

യുഎസ്എയ്‌ക്കെതിരായ മത്സരത്തിൽ അഭിഷേക് ആദ്യ പന്തിൽ തന്നെ (ഗോൾഡൻ ഡക്ക്) പുറത്തായിരുന്നു. ഇന്ത്യ ബൗൾ ചെയ്ത സമയത്തും അദ്ദേഹം ഫീൽഡിംഗിന് ഇറങ്ങിയില്ല. അഭിഷേകിന് പകരം സഞ്ജു സാംസണാണ് ഇന്നിംഗ്‌സ് മുഴുവൻ ഫീൽഡ് ചെയ്തത്. ടീം വിജയിച്ചതിന് ശേഷമുള്ള ഹസ്തദാന ചടങ്ങുകൾക്ക് പോലും താരം എത്തിയിരുന്നില്ല.

"വയറ്റിലുണ്ടായ അണുബാധയെത്തുടർന്ന് അഭിഷേകിനെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നം എന്താണെന്ന് കൃത്യമായി കണ്ടെത്താൻ ചില പരിശോധനകൾ നടത്തിവരികയാണ്. അദ്ദേഹം ഇന്ന് ആശുപത്രി വിടുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എന്നാൽ നമീബിയയ്‌ക്കെതിരായ മത്സരത്തിൽ താരം കളിക്കുന്ന കാര്യം നിലവിൽ സംശയത്തിലാണ്," ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, ഫെബ്രുവരി 12-ന് നമീബിയയ്‌ക്കെതിരായ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുന്നോടിയായി വാഷിംഗ്ടൺ സുന്ദർ ഇന്ത്യൻ ടീമിനൊപ്പം ചേർന്നതായി റയാൻ ടെൻ ഡോഷേറ്റ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന പ്രീ-മാച്ച് പ്രസ് കോൺഫറൻസിൽ സംസാരിക്കവേ, ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസ് ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഡോഷേറ്റ് മാധ്യമങ്ങളുമായി പങ്കുവെച്ചു.

"സുന്ദർ ഇന്നലെ ടീമിനൊപ്പം ചേർന്നു, ഇന്ന് അദ്ദേഹം ടീമിനോടൊപ്പം പരിശീലനത്തിന് ഇറങ്ങും," ഡോഷേറ്റ് വെളിപ്പെടുത്തി. "10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബുംറ ബൗളിംഗ് പുനരാരംഭിച്ചു, അദ്ദേഹത്തിന് ഇപ്പോൾ വലിയ ആശ്വാസമുണ്ട്. അദ്ദേഹത്തിന്റെ ശാരീരികക്ഷമത മെച്ചപ്പെട്ടുവരുന്നു, ഇന്ന് വീണ്ടും ബൗളിംഗ് പരിശീലനം നടത്തും," അദ്ദേഹം കൂട്ടിച്ചേർത്തു.

സൂര്യകുമാർ യാദവിന്റെ മാച്ച് വിന്നിംഗ് പ്രകടനത്തെ ഡോഷേറ്റ് പ്രശംസിച്ചു. "ഭാഗ്യവശാൽ ഞങ്ങളുടെ ക്യാപ്റ്റൻ ഫോമിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹത്തിന് അത്ര നല്ല സമയമായിരുന്നില്ല, പക്ഷേ നല്ല മനുഷ്യർ അദ്ദേഹത്തിന് ചുറ്റുമുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് അത് മറികടക്കാനായത്. കഴിഞ്ഞ ആഴ്‌ച അദ്ദേഹം ടീമിനെ രക്ഷിച്ച രീതിയിൽ നിന്നും അദ്ദേഹത്തിന്റെ നേതൃപാടവവും സ്ഥിരതയും വ്യക്തമാണ്," ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് പറഞ്ഞു.