- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ഡ്രാമ! ആ സിനിമ യാഥാര്‍ഥ്യമായാല്‍ സഞ്ജുവിന്റെ വേഷം ആര് ചെയ്യും? അദ്ദേഹത്തിന്റെ ബോളിങ് ഞാന്‍ കണ്ടിട്ടുണ്ട്... ആ വേഷം ചെയ്യാന്‍ അദ്ദേഹത്തിന്റെ പേര് പറയല്ലേ എന്ന് അശ്വിന്‍; പുതുമുഖം ചെയ്യട്ടെ എന്ന് സഞ്ജു
സഞ്ജുവിന്റെ വേഷം ആര് ചെയ്യും?
ചെന്നൈ: മഹേന്ദ്രസിങ് ധോണിയുടേത് പോലെ ഒരു സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ഡ്രാമയ്ക്കുള്ള എല്ലാ സാധ്യതയുമുണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി താരം സഞ്ജു സാംസണിന്റെ ജീവിതവും. ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യന്‍ ടീമിലെത്താന്‍ സാധിച്ചുവെങ്കിലും തുടര്‍ന്നിങ്ങോട്ടുള്ള സഞ്ജുവിന്റെ യാത്ര കയറ്റിറക്കങ്ങളൂടേതാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനല്‍ വരെ എത്തിച്ച നായകനായിരിക്കുമ്പോഴും ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ പലപ്പോഴും സഞ്ജുവിന് സാധിക്കാതെ പോയിട്ടുണ്ട്. ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയപ്പോള്‍ ആരാധകര്‍ സഞ്ജുവിനായി മുറവിളി കൂട്ടിയതും ഉദാഹരണം. ഇപ്പോള്‍ ട്വിന്റി-20 യില്‍ ഇന്ത്യയുടെ അറ്റാക്കിങ് ഓപ്പണര്‍ വേഷത്തിലാണ് സഞ്ജുവിനെ ആരാധകര്‍ കാണുന്നത്.
സ്പോര്‍ട്സ് ബയോപ്പിക്കുകള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ ഒരുപാട് സാധ്യതകളുണ്ട്. സഞ്ജുവിനെപ്പോലെ നാടകീയമായൊരു കരിയറുള്ള, ജനപ്രീയനായ താരത്തിന്റെ ജീവിതം സിനിമയാകുന്നത് കാണാനും ആരാധകര്‍ക്ക് ആഗ്രഹമുണ്ടാകും. സഞ്ജു സാംസണിന്റെ നാടകീയമായ കരിയര്‍ ഉള്‍പ്പെടെയുള്ള ജീവിതം ആധാരമാക്കി ഒരു സിനിമ വന്നാലോ? സിനിമ വരുന്നു എന്നല്ല, വന്നാലോ എന്നാണ് ചോദ്യം. അത്തരമൊരു സിനിമ യാഥാര്‍ഥ്യമായാല്‍, സഞ്ജുവിന്റെ വേഷം ആര് ചെയ്യും? കൗതുകമുണര്‍ത്തുന്ന ഈ ചോദ്യങ്ങള്‍ക്കു പിന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു സൂപ്പര്‍താരമാണ്. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരം കൂടിയായിരുന്ന ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍.
അദ്ദേഹത്തിന്റെ യുട്യൂബ് ചാനലില്‍ സഞ്ജു അതിഥിയായെത്തിയ പരിപാടിയിലാണ്, അശ്വിന്‍ ഇത്തരമൊരു ചോദ്യം ഉയര്‍ത്തിയത്. സംഭാഷണത്തിനിടെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ പേര് അശ്വിന്‍ തന്നെ പരാമര്‍ശിച്ചത് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും കാരണമായി.
വിഴിഞ്ഞത്തില്‍ നിന്നുമുള്ള സഞ്ജുവിന്റെ കഥ സിനിമയാക്കുകയാണെങ്കില്‍ ആരാണ് നിങ്ങളെ അവതരിപ്പിക്കേണ്ടത്? എന്നായിരുന്നു അശ്വിന്റെ ചോദ്യം. കൂടാതെ ആരായിരിക്കണം സിനിമയ്ക്ക് സംഗീതം ഒരുക്കേണ്ടത് എന്നും അശ്വിന്‍ ചോദിക്കുന്നുണ്ട്. സഞ്ജു ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും മുമ്പ് അശ്വിന്‍ രസകരമായൊരു നിബന്ധനയും മുന്നോട്ട് വെക്കുന്നുണ്ട്.
''ഒരു ചെറിയ അപേക്ഷയുണ്ട്. ഞാന്‍ വലിയൊരു മോഹന്‍ലാല്‍ ഫാനാണ്. പക്ഷെ അവരുടെ ബോളിങ് കണ്ടതു കൊണ്ട് പറയുകയാണ്, അവര്‍ വേണ്ട'' എന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ ബോളിങ് ചെയ്യാറില്ലല്ലോ അതുകൊണ്ട് പ്രശ്നമില്ല എന്നായിരുന്നു അശ്വിന്റെ മറുപടി. പക്ഷെ തന്നെ അവതരിപ്പിക്കാന്‍ ഇപ്പോഴത്തെ ആരും മനസിലേക്ക് വരുന്നില്ലെന്നും അതിനാല്‍ പുതുമുഖങ്ങള്‍ ആരെങ്കിലും ആയിരിക്കണമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. സംഗീതം സുഷിന്‍ ശ്യാം ചെയ്യണം. അദ്ദേഹം സൂപ്പറായി ചെയ്യും. ആവേശത്തിലൊക്കെ സൂപ്പറായിട്ടാണ് ചെയ്തിട്ടുള്ളതെന്നും സഞ്ജു പറയുന്നുണ്ട്.
തന്റെ പ്രിയപ്പെട്ട മലയാള നടന്മാര്‍ ബേസില്‍ ജോസഫും ടൊവിനോ തോമസുമാണെന്നും സഞ്ജു പറയുന്നുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും സഞ്ജു പറയുന്നുണ്ട്. സുഹൃത്തെന്ന നിലയില്‍ അവരുടെ അധ്വാനം താന്‍ അടുത്തു നിന്ന് കണ്ടിട്ടുണ്ടെന്നും സഞ്ജു പറയുന്നു. അതേസമയം താനൊരു കടുത്ത രജനികാന്ത് ആരാധകനാണെന്നും സഞ്ജു പറയുന്നുണ്ട്. കൂലിയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്കായി കാത്തിരിക്കുകയാണെന്നാണ് താരം പറയുന്നത്.
ഇത് ഉള്‍പ്പെടെ രസകരമായ നിമിഷങ്ങള്‍ ഒട്ടേറെയുള്ള ഒരു മണിക്കൂറോളം നീളുന്ന അഭിമുഖം ഇന്നലെയാണ് അശ്വിന്റെ യുട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. അഭിമുഖത്തിന്റെ ഭാഗമായുള്ള 'ഫ്രീഹിറ്റ്' എന്ന വിഭാഗത്തിലാണ്, സഞ്ജുവിന്റെ ജീവിതം സിനിമ ആയാലോ എന്ന ചോദ്യവുമായി അശ്വിന്‍ രംഗത്തെത്തിയത്.