മുംബൈ: ഏഷ്യാ കപ്പിൽ തന്റെ ബാറ്റിംഗ് പൊസിഷനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ പ്രതീകരിച്ച് ഇന്ത്യൻ താരം സഞ്ജു സാംസൺ. ടീമിന് വേണ്ടി ഏത് പൊസിഷനിലും കളിക്കാനും, ആവശ്യമെങ്കിൽ സ്പിൻ ബൗളിംഗ് ചെയ്യാനും തയ്യാറാണെന്ന് സഞ്ജു വ്യക്തമാക്കി. ഏഷ്യാ കപ്പിൽ ശുഭ്മാൻ ഗില്ലിനായി ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറങ്ങേണ്ടി വന്ന സഞ്ജുവിനെ വിമർശിച്ചവർക്കിടയിലാണ് താരത്തിന്റെ ഈ പ്രതികരണം. നാല് ഇന്നിംഗ്സുകളിൽ നിന്ന് ഒരു അർധസെഞ്ചുറി ഉൾപ്പെടെ 132 റൺസ് നേടിയെങ്കിലും, അദ്ദേഹത്തെ പുറത്തിരുത്തി ജിതേഷ് ശർമ്മയ്ക്ക് അവസരം നൽകിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

'ഇന്ത്യൻ ജഴ്സി അണിയുമ്പോൾ ഒന്നിനോടും നോ എന്ന് പറയാനാവില്ല. ഈ ജഴ്സി അണിയാനും ആ ഡ്രസ്സിംഗ് റൂമിൽ പ്രവേശിക്കാനും ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. രാജ്യത്തിനായി കളിക്കുന്നതിൽ അഭിമാനമുണ്ട്. ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാനും ലെഫ്റ്റ് ആം സ്പിൻ എറിയാനും ആവശ്യപ്പെട്ടാൽ, സന്തോഷത്തോടെ അതും ഞാൻ ചെയ്യും. രാജ്യത്തിനുവേണ്ടി എന്ത് ചെയ്താലും എനിക്ക് പ്രശ്നമില്ല,' സഞ്ജു പറഞ്ഞു.

2024 ലെ സിയറ്റ് ടി20 ബാറ്റർ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് സഞ്ജു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ടി20 ഫോർമാറ്റിൽ 2024 കലണ്ടർ വർഷത്തിലെ മികച്ച പ്രകടനമാണ് താരത്തിന് പുരസ്കാരം നേടിക്കൊടുത്തത്. അതേസമയം, ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഇടം നേടിയിട്ടുണ്ട്. ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പാണ് ഈ പരമ്പരയെങ്കിലും, സഞ്ജുവിന് പ്ലെയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ലോകകപ്പിന് മുന്നോടിയായി ജിതേഷ് ശർമ്മയ്ക്കും അവസരങ്ങൾ നൽകിയേക്കുമെന്നാണ് വിവരം.