ചെന്നൈ: ഐപിഎല്ലിൽ തുടർച്ചയായ പരാജയങ്ങൾക്കുശേഷം ഉജ്ജ്വല തിരിച്ചുവരവുമായി മലയാളി താരം സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി തകർപ്പൻ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. 26 പന്തിൽ നിന്നാണ് താരം തന്റെ അർധസെഞ്ചുറി പൂർത്തിയാക്കിയത്. ആദ്യ ഓവറിൽ തന്നെ ബൗണ്ടറി പായിച്ച് വരവറിയിച്ച സഞ്ജു, തുടക്കം മുതൽ ആക്രമണ ശൈലിയാണ് പുറത്തെടുത്തത്.

മുകേഷ് കുമാർ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന രണ്ട് പന്തുകളും അതിർത്തി കടത്തി സഞ്ജു ചെന്നൈ ഇന്നിങ്‌സിന് വേഗം കൂട്ടി. നാലോവർ പിന്നിടുമ്പോൾ ചെന്നൈ 40 റൺസിലെത്തിയിരുന്നു. ഇതിൽ 12 പന്തിൽ 30 റൺസും സഞ്ജുവിന്റെ വകയായിരുന്നു. കൂറ്റനടികൾക്ക് മുതിരാതെ കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തിയാണ് സഞ്ജു ഇന്നിങ്‌സ് പടുത്തുയർത്തിയത്. ഒൻപതാം ഓവറിലായിരുന്നു താരത്തിന്റെ ഫിഫ്റ്റി നേട്ടം.

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടക്കം കാണാനാകാതെ നിരാശപ്പെടുത്തിയ സഞ്ജുവിന് ഈ ഇന്നിങ്‌സ് വലിയ ആശ്വാസമാകും. രാജസ്ഥാനെതിരെ ആറും പഞ്ചാബിനെതിരെ ഏഴും ബെംഗളൂരുവിനെതിരെ ഒൻപതും റൺസ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ടി20 ലോകകപ്പിലെ മിന്നും താരം ഐപിഎല്ലിൽ ഫോം കണ്ടെത്താത്തതിൽ ആരാധകർ വലിയ നിരാശയിലായിരുന്നു. ഇതിനെല്ലാം ബാറ്റു കൊണ്ട് മറുപടി നൽകുന്ന പ്രകടനമാണ് ഇന്ന് ചെപ്പോക്കിൽ കണ്ടത്.