ന്യൂഡല്‍ഹി: ടി 20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ തുടക്കത്തിന് പിന്നാലെ സഞ്ജു പുറത്ത്. അഭിഷേക് ശര്‍മ്മ വിശ്രമത്തിലായതിന് പിന്നാലെ ടീമിലെത്തിയ സഞ്ജുവാണ് ഇഷാനൊപ്പം ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്തത്.മത്സരത്തിന്റെ ആദ്യ ഓവറിന്റെ അവസാന പന്തിലായിരുന്നു ആദ്യ സിക്‌സ്.

അടുത്ത ഓവറില്‍ നേരിട്ട രണ്ട് പന്തില്‍ തുടര്‍ച്ചയായി അതിര്‍ത്തി കടത്തിയ സഞ്ജു തൊട്ടടുത്ത പന്തില്‍ ഫോറും കണ്ടെത്തി.എന്നാല്‍ വീണ്ടും സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ ക്യാച്ച് ആവുകയായിരുന്നു.8 പന്തില്‍ മൂന്നു സിക്‌സും ഒരു ബൗണ്ടറിയും സഹിതം 22 റണ്‍സാണ് സഞ്ജുവിന് നേടാനായത്.ടോസ് നേടിയ നമീബിയ ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായരുന്നു.

സഞ്ജു തന്നെയാണ് വിക്കറ്റ് കീപ്പറും. പേസര്‍ ജസ്പ്രീത ബുമ്ര തിരിച്ചെത്തിയതോടെ മുഹമ്മദ് സിറാജ് പുറത്തായി.എന്നാല്‍ പരുക്കു മാറി തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദര്‍ പ്ലേയിങ് ഇലവനിലില്ല. നമീബിയ ടീമിലും രണ്ട് മാറ്റമുണ്ട്.

യുഎസ്എയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ വിജയം നേടിയത്. മറുവശത്ത്, നമീബിയ തങ്ങളുടെ സീസണ്‍ ഓപ്പണറില്‍ നെതര്‍ലന്‍ഡ്സിനോട് പരാജയപ്പെട്ടിരുന്നു. 2021-ലെ ലോകകപ്പില്‍ ദുബായില്‍ നടന്ന ടി20 മത്സരത്തില്‍ ഇന്ത്യ നമീബിയയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. പ്രത്യേകിച്ച് ഈര്‍പ്പമുള്ള സാഹചര്യത്തില്‍ ഒരു ടോട്ടല്‍ നേടുന്നത് ആത്മവിശ്വാസം നല്‍കും. അഭിഷേകിന് പകരം സഞ്ജുവും സിറാജിന് പകരം ബുംറയും ടീമില്‍ വന്നിട്ടുണ്ട്,' എന്ന് ടോസിന് ശേഷം സംസാരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. വയറുവേദനയെത്തുടര്‍ന്ന് അഭിഷേക് ശര്‍മ്മയ്ക്ക് യുഎസ്എ മത്സരത്തിന് ശേഷം പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.