ഗുവാഹത്തി: ഐപിഎൽ ആവേശത്തിന് ഇന്ന് തിരിതെളിയുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ഒരു മലയാളി താരത്തിലേക്കാണ്. ഇത്രയും കാലം രാജസ്ഥാൻ റോയൽസിന്റെ നെടുതൂണായിരുന്ന സഞ്ജു സാംസൺ ഇന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായത്തിൽ തന്റെ പഴയ ടീമിനെ നേരിടാനിറങ്ങുകയാണ്. മത്സരത്തിന് തൊട്ടുമുമ്പ് ആരാധകരെ ആവേശത്തിലാഴ്ത്തി സഞ്ജു പങ്കുവെച്ച മലയാളം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തുകയാണ്.

സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി സഞ്ജു സാംസൺ പങ്കുവെച്ച വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായി. മലയാളത്തിൽ സംസാരിച്ചുകൊണ്ടാണ് സഞ്ജു ചെന്നൈ ആരാധകരോട് പിന്തുണ തേടിയത്. "ഹലോ, എന്തുണ്ട്? എല്ലാവർക്കും നമസ്‌കാരം. നമ്മള് പറഞ്ഞ പോലെ ചെന്നൈയിലെത്തിയിരിക്കുകയാണ്. 'ചെന്നൈ ഐപിഎൽ ഫീവർ' തുടങ്ങിയിരിക്കുകയാണ്. എല്ലാവരും മഞ്ഞ അണിയുക, ചെന്നൈ സൂപ്പർ കിങ്സിന് വിസിലടിക്കുക. അപ്പോ ഗ്രൗണ്ടിൽ കാണാം," സഞ്ജു വീഡിയോയിൽ പറയുന്നു. 'ഇനി നമ്മൾ മഞ്ഞ' എന്ന കുറിപ്പോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

പരിശീലനത്തിനിടെ പരിക്കേറ്റ എം.എസ്. ധോണി ഇന്നത്തെ മത്സരത്തിൽ കളിക്കില്ലെന്ന് ഉറപ്പായതോടെ സഞ്ജു സാംസൺ വിക്കറ്റ് കീപ്പറുടെ റോളിലെത്താനാണ് സാധ്യത. ഗുവാഹത്തിയിൽ വൈകിട്ട് 7.30-നാണ് മത്സരം ആരംഭിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ 31 തവണയാണ് ഇരു ടീമുകളും നേർക്കുനേർ വന്നത്. ഇതിൽ 16 തവണ ചെന്നൈയും 15 തവണ രാജസ്ഥാനും വിജയിച്ചു. കണക്കുകളിൽ നേരിയ മുൻതൂക്കം ചെന്നൈയ്ക്കാണെങ്കിലും സഞ്ജുവിന്റെ സാന്നിധ്യം മത്സരത്തിന്റെ ആവേശം വർദ്ധിപ്പിക്കുന്നു.