ഡൽഹി: ടി20 ലോകകപ്പ് സൂപ്പർ-8 ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യൻ ബൗളിംഗ് നിരയുടെ കരുത്തിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഇതിഹാസ താരം വീരേന്ദർ സെവാഗ്. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാൻ ഉൾപ്പെടെയുള്ള ടീമുകളെ പരാജയപ്പെടുത്തി തോൽവിയറിയാതെയാണ് സൂര്യകുമാർ യാദവ് നയിക്കുന്ന ടീം സൂപ്പർ-8-ൽ എത്തിയത്. എന്നാൽ, ഇന്ത്യ ഇതുവരെ ഒരു വലിയ പരീക്ഷണം നേരിട്ടിട്ടില്ലെന്നാണ് സെവാഗിന്റെ നിരീക്ഷണം.

"ഇന്ത്യ ഇതുവരെ ശരിക്കും വെല്ലുവിളിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആദ്യ മത്സരത്തിൽ ഇന്ത്യ അല്പം ബുദ്ധിമുട്ടിയെങ്കിലും അതിനുശേഷം അവർ സ്ഥിരതയാർന്ന ക്രിക്കറ്റാണ് കളിക്കുന്നത്. യഥാർത്ഥ പരീക്ഷണം സൂപ്പർ-8 ഘട്ടത്തിൽ ആരംഭിക്കും. ഇന്ന് ഇന്ത്യ 193 റൺസ് സ്കോർ ചെയ്തു, എന്നാൽ നെതർലൻഡ്‌സിനെതിരെ 176 റൺസ് വിട്ടുകൊടുക്കുകയും ചെയ്തു. അതുകൊണ്ട് ഇന്ത്യ അവരുടെ ബൗളിംഗിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലും മികച്ച ഒരു ബാറ്റിംഗ് നിരയെ നേരിടേണ്ടി വരുമ്പോൾ, ഈ ബൗളിംഗ് യൂണിറ്റ് എങ്ങനെ പ്രതികരിക്കുമെന്നും അവരെ എങ്ങനെ ഉപയോഗിക്കുമെന്നും കണ്ടറിയണം." ക്രിക്ബസ്സിലെ ചർച്ചയ്ക്കിടെ സെവാഗ് പറഞ്ഞു.

അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ നെതർലൻഡ്‌സിനെ 17 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യയുടെ 193 റൺസിനെതിരെ ഡച്ച് പട 176 റൺസ് അടിച്ചുകൂട്ടിയിരുന്നു. ഇതാണ് ബൗളിംഗിലെ പോരായ്മകളിലേക്ക് വിരൽ ചൂണ്ടാൻ സെവാഗിനെ പ്രേരിപ്പിച്ചത്.

സൂപ്പർ-8-ൽ ഇന്ത്യ പരീക്ഷിക്കേണ്ട ബൗളിംഗ് കോമ്പിനേഷനെക്കുറിച്ച് പേസർ മോഹിത് ശർമ്മയും സമാനമായ ആശങ്ക പങ്കുവെച്ചു. "സൂപ്പർ-8 ഘട്ടത്തിൽ ഇന്ത്യ ഏത് കോമ്പിനേഷനുമായാണ് ഇറങ്ങുക എന്ന കാര്യത്തിൽ ഇപ്പോഴും സംശയമുണ്ട്. എട്ടാം നമ്പറിൽ അക്സർ പട്ടേലിനെപ്പോലൊരു ഓൾറൗണ്ടർ ഉണ്ടെങ്കിൽ, അവസാന ഓവറുകളിൽ ആരാണ് പന്തെറിയുക? നെതർലൻഡ്‌സിനെപ്പോലൊരു ടീമിന് പോലും ഡെത്ത് ഓവറുകളിൽ വെല്ലുവിളി ഉയർത്താൻ സാധിക്കുമെങ്കിൽ, മുന്നോട്ടുള്ള യാത്രയിൽ ഇതിലും വലിയ വെല്ലുവിളികൾ വരാനിരിക്കുന്നു. അർഷ്ദീപ് ടീമിലുണ്ടെങ്കിൽ കുറച്ചുകൂടി ആശ്വാസകരമാണ്, കാരണം ഡെത്ത് ഓവറുകളിൽ ബുംറയ്‌ക്കൊപ്പം അദ്ദേഹത്തിന് പന്തെറിയാൻ സാധിക്കും." മോഹിത് പറഞ്ഞു.

ഞായറാഴ്ച അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ-8 പോരാട്ടം. തുടർന്ന് സിംബാബ്‌വെയെ ചെന്നൈയിലും, വെസ്റ്റ് ഇൻഡീസിനെ കൊൽക്കത്തയിലും ഇന്ത്യ നേരിടും.