ലണ്ടന്‍: വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ 'പാക്കിസ്ഥാന്‍ ലെജന്‍ഡ്‌സ്' ടീമിനെതിരായ ഇന്ത്യന്‍ ടീമിന്റെ മത്സരം ഇന്ത്യന്‍ താരങ്ങളുടെ വിയോജിപ്പിനെ തുടര്‍ന്ന് റദ്ദാക്കിയ സംഭവത്തില്‍ ശിഖര്‍ ധാവനെതിരെ പരോക്ഷ വിമര്‍ശനവുമായി ഷാഹിദ് അഫ്രീദി. കായിക മത്സരങ്ങള്‍ രാജ്യങ്ങളെ തമ്മില്‍ അടുപ്പിക്കുമെന്നും അതില്‍ രാഷ്ട്രീയം കടന്നുവന്നാല്‍ എങ്ങനെ മുന്നോട്ടുപോകുമെന്നും പാക്കിസ്ഥാന്‍ ലെജന്‍ഡ്‌സ് ക്യാപ്റ്റന്‍ അഫ്രീദി ചോദിച്ചു. ''ചര്‍ച്ചകള്‍ നടക്കാതെ ഒന്നിനും പരിഹാരം കാണാന്‍ സാധിക്കില്ല.'' ഷാഹിദ് അഫ്രീദി ലണ്ടനില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ പരോക്ഷമായി 'കേടായ മുട്ട' എന്ന് വിളിച്ച് അക്ഷേപിച്ചാണ് അഫ്രീദി വിമര്‍ശനം ഉന്നയിച്ചത്. ''എല്ലായ്‌പ്പോഴും ഒരു കേടായ മുട്ട ഉണ്ടാകും. അതാണ് എല്ലാം നശിപ്പിക്കുന്നത്.'' അഫ്രീദി കുറ്റപ്പെടുത്തി. പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് ശിഖര്‍ ധവാനായിരുന്നു. രാജ്യമാണു വലുതെന്നും അതിലും പ്രധാനമായി മറ്റൊന്നുമില്ലെന്നും ധവാന്‍ ഇന്‍സ്റ്റ കുറിപ്പില്‍ പ്രഖ്യാപിച്ചിരുന്നു.

''മത്സരത്തിന് ഒരു ദിവസം മുന്‍പു വരെ അവര്‍ പരിശീലിച്ചിരുന്നു. ആ ഒരു താരം കാരണമാണ് ഇന്ത്യ കളിക്കാതിരിക്കുന്നത്. ഇന്ത്യന്‍ ടീമിന് അതില്‍ നിരാശയുണ്ടാകും. ഇന്ത്യ കളിക്കാന്‍ വേണ്ടിയാണ് ഇവിടെ വന്നത്. ക്രിക്കറ്റിന്റെ മികച്ച പ്രതിനിധികളാകുക അല്ലാതെ കുഴപ്പക്കാര്‍ ആകരുത് എന്നാണ് എനിക്ക് ഇന്ത്യന്‍ താരങ്ങളോടു പറയാനുള്ളത്.'' അഫ്രീദി പ്രതികരിച്ചു.

തുടര്‍ച്ചയായി ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന ഷാഹിദ് അഫ്രീദി പാക്ക് ടീമിനെ നയിക്കുന്നതാണ് ഇന്ത്യന്‍ താരങ്ങളുടെ പിന്‍മാറ്റത്തിനു പ്രധാന കാരണമെന്ന് അഭ്യൂഹങ്ങളുണ്ട്. ധവാനു പുറമേ ഇന്ത്യ ലെജന്‍ഡ്‌സ് ടീമിലെ ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, ഹര്‍ഭജന്‍ സിങ് എന്നീ താരങ്ങളും പാക്കിസ്ഥാനെതിരെ കളിക്കാനില്ലെന്നു നിലപാടെടുത്തിരുന്നു.

മത്സരം നടക്കേണ്ടിയിരുന്ന ഞായറാഴ്ച പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു താരം തന്റെ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ധവാന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ആദ്യം പിന്മാറിയ ധവാനെയാണ് അഫ്രീദി പരോക്ഷമായി ചീമുട്ടയെന്ന് ഉപമിച്ചതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ധവാന്‍ തന്റെ രാജ്യത്തിന് ഒരു നാണക്കേടാണെന്ന് അഫ്രീദി സൂചിപ്പിച്ചു. 2025ലെ ലെജന്‍ഡ്സ് ചാംപ്യന്‍ഷിപ്പില്‍ ക്രിക്കറ്റ് കളിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഇന്ത്യന്‍ ടീം വീട്ടില്‍ തന്നെ കഴിയണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു താരങ്ങളുടെ പിന്മാറ്റം. മത്സരം നടത്തുന്നതിനെതിരെ വലിയ രീതിയില്‍ ആരാധകപ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ശിഖര്‍ ധവാന് പിന്നാലെ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്, യൂസഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറി.

പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് രണ്ട് മാസം മുന്‍പേ ധവാന്‍ അറിയിച്ചിരുന്നു. മത്സരം റദ്ദാക്കിയതിന് ശേഷം, മത്സരത്തില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് 2025 മേയില്‍ സംഘാടകരോട് ആവശ്യപ്പെട്ടതായി ധവാന്‍ തന്നെ വ്യക്തമാക്കി. സംഘാടകര്‍ക്ക് അയച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.