കൊളംബോ: 2026 ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെയുള്ള പാകിസ്ഥാന്റെ ദയനീയ തോൽവിക്ക് പിന്നാലെ രൂക്ഷവിമർശനവുമായി മുൻ പേസർ ഷുഐബ് അക്തർ. ഇന്ത്യയുമായുള്ള മത്സരങ്ങളിൽ പാകിസ്ഥാൻ മാനസികമായി തളർന്നുപോകുന്നുവെന്നും ടീം തിരഞ്ഞെടുപ്പിലെ പിഴവുകളാണ് പരാജയത്തിന് കാരണമെന്നും അക്തർ പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കെതിരെ 61 റണ്ണിന്റെ കൂറ്റൻ തോൽവിയാണ് സൽമാൻ അലി ആഗ നയിക്കുന്ന പാക് പട ഏറ്റുവാങ്ങിയത്.

"നിർഭാഗ്യവശാൽ, ഇന്ത്യയുമായുള്ള മത്സരങ്ങളിൽ സമ്മർദ്ദത്തിന് അടിപ്പെട്ടാണ് ഞങ്ങൾ തോൽക്കുന്നത്. മറ്റൊന്നും ഇതിന് പിന്നിലില്ല. നിലവിലെ ടീം സെലക്ഷൻ ഒട്ടും ശരിയല്ല. എന്തിനാണ് ഇത്തരമൊരു ടീമിനെ ഇറക്കിയതെന്ന് മനസ്സിലാകുന്നില്ല. ലോകത്തെ ഏത് ടീമിനെയും തോൽപ്പിക്കാൻ ശേഷിയുള്ള താരങ്ങൾ പാകിസ്ഥാനിലുണ്ട്. എന്നാൽ ഇന്ത്യയെ നേരിടുമ്പോൾ കാര്യങ്ങൾ ആകെ മാറുകയാണ്," ഒരു പ്രമുഖ ചാനലിൽ സംസാരിക്കവെ അക്തർ വ്യക്തമാക്കി.

അതേസമയം, സൂപ്പർ എയിറ്റിലെ പാകിസ്ഥാന്റെ ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ശനിയാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ന്യൂസിലൻഡിനെതിരെയുള്ള മത്സരമാണ് പന്ത് എറിയും മുൻപേ ഉപേക്ഷിക്കേണ്ടി വന്നത്. ടോസ് ജയിച്ച പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തതിന് പിന്നാലെ മഴയെത്തുകയായിരുന്നു.

മഴ ശമിക്കാത്തതിനെ തുടർന്ന് ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു. സൂപ്പർ എയിറ്റിൽ റിസർവ് ദിനമില്ലാത്തത് പാകിസ്ഥാന് തിരിച്ചടിയായി. ഇനി ഇംഗ്ലണ്ടിനും (ഫെബ്രുവരി 24, 28) ശ്രീലങ്കയ്ക്കുമെതിരെ (ഫെബ്രുവരി 28) നടക്കുന്ന മത്സരങ്ങൾ പാകിസ്ഥാന് നിർണ്ണായകമാകും. നിലവിൽ ഒരു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് പാകിസ്ഥാൻ.