സിഡ്നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. സിഡ്നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അലക്സ്‌കാരിയെ പുറത്താക്കാന്‍ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. ഡ്രസ്സിങ് റൂമിലേക്ക് താരത്തെ എത്തിച്ചതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചിരുന്നു.

'കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിലാണ്. ആന്തരിക രക്തസ്രാവം കണ്ടെത്തി, ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയേണ്ടതുള്ളതിനാല്‍, രോഗം ഭേദമാകുന്നതിനനുസരിച്ച് ഏഴു ദിവസം വരെ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും' ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പേര്‍ട്ട് ചെയ്തു.

പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ടീം ഡോക്ടറും ഫിസിയോയും ഒരു സാധ്യതയും തള്ളിക്കളയാതെ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്, പക്ഷേ ഇത് മാരകമായേക്കാവുന്ന അവസ്ഥയായിരുന്നുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം മൂന്നാഴ്ചയോളം ശ്രേയസ് അയ്യര്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ് തുടക്കത്തിലെ വിവരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരിക്ക് ഭേദമാകാനുള്ള സമയം ഇനി കൂടുതലായേക്കാമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം താരം ഇന്ത്യയിലേക്ക് ഉടന്‍ മടങ്ങിയേക്കില്ല. കുറഞ്ഞത് ഒരാഴ്ചയെങ്കിലും സിഡ്‌നിയിലെ ആശുപത്രിയില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തതായ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ടി20 ടീമില്‍ അയ്യര്‍ അംഗമല്ല.