- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർദ്ദുൽ താക്കൂറിന് പരിക്ക്; വിജയ് ഹസാരെയിൽ മുംബൈയെ ശ്രേയസ് അയ്യർ നയിക്കും; ഫിറ്റ്നസ് തെളിയിക്കാൻ മത്സരങ്ങൾ നിർണായകം
മുംബൈ: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ മുംബൈ ടീമിനെ ഇന്ത്യൻ താരം ശ്രേയസ് അയ്യർ നയിക്കും. നിലവിലെ നായകനായിരുന്ന ഷാർദ്ദുൽ താക്കൂറിന് പരിക്കേറ്റതിനെ തുടർന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ശ്രേയസ് അയ്യർക്ക് ക്യാപ്റ്റൻ സ്ഥാനം നൽകിയത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ് ഏകദേശം രണ്ട് മാസത്തോളമായി വിശ്രമത്തിലായിരുന്നു ശ്രേയസ്.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി ഫിറ്റ്നസ് തെളിയിക്കാൻ ഈ മത്സരങ്ങൾ നിർണായകമാകും. അടുത്തയാഴ്ച ആരംഭിക്കുന്ന ന്യൂസിലൻഡ് ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ശ്രേയസിനെ വൈസ് ക്യാപ്റ്റനായി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ മത്സരങ്ങളിൽ കളിപ്പിക്കൂ എന്ന് സെലക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ നാളെ ഹിമാചൽ പ്രദേശിനെതിരെയും എട്ടിന് പഞ്ചാബിനെതിരെയും നടക്കുന്ന മത്സരങ്ങളിൽ ശ്രേയസ് മുംബൈക്കായി കളത്തിലിറങ്ങും.
ഈ സീസണിൽ രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ അഞ്ച് കളികളിലും ഷാർദ്ദുൽ താക്കൂർ മുംബൈയെ നയിച്ചിരുന്നു. എന്നാൽ തുടയെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ഷാർദ്ദുലിന് തുടർന്നുള്ള മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതോടെയാണ് പുതിയ നായകനെ നിയമിക്കാൻ മുംബൈ ടീം മാനേജ്‌മെന്റ് നിർബന്ധിതരായത്. ഇന്ത്യൻ ടി20 ടീം നായകനായ സൂര്യകുമാർ യാദവും ടി20 ലോകകപ്പ് ടീമിലുൾപ്പെട്ട ശിവം ദുബെയും വിജയ് ഹസാരെ ട്രോഫിയിലെ അവസാന രണ്ട് മത്സരങ്ങളിൽ മുംബൈക്കായി കളത്തിലിറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.




