മുംബൈ: ഇന്നിങ്സിലെ ഒമ്പത് വിക്കറ്റും എടുത്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ഗുജറാത്ത് ബോളര്‍ സിദ്ധാര്‍ഥ് ദേശായി. ഉത്തരാഖണ്ഡിനെതിരെ അഹമദാബാദില്‍ നടന്ന രഞ്ജി ട്രോഫി ഗ്രൂപ്പ് എ മത്സരത്തിലാണ് ഗുജറാത്ത് ബോളറുടെ ഈ പ്രകടനം. ഇതോടെ ഗുജറാത്തിനായി ഒരു ഇന്നിങ്സില്‍ നേടുന്ന ഏറ്റവും കൂടുതല്‍ വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദേശായി. 36 റണ്‍ വിട്ടുകൊടുത്ത് ഒമ്പത് വിക്കറ്റ് നേടിയ ഇടംകൈയ്യന്‍ ഓഫ് സ്പിന്നര്‍ സൗരാഷ്ട്രക്കെതിരെ രാകേഷ് ദ്രുവ് നേടിയ 31 റണ്ണിന് 8 വിക്കറ്റെന്ന റെക്കോര്‍ഡാണ് തകര്‍ത്തത്.

ദേശായിയുടെ ഒമ്പത് വിക്കറ്റ് നേട്ടത്തൊടെ ഉത്തരാഖണ്ഡിനെ 30 ഓവറില്‍ 111 റണ്ണിന് ഗുജറാത്ത് ഓള്‍ ഔട്ടാക്കി. ഗുജറാത്തിനായി വിശാല്‍ ജയ്സ്വാള്‍ അവസാന വിക്കറ്റ് വീഴ്ത്തി. അഞ്ചാം ഓവറില്‍ തന്റെ സ്പെല്‍ തുടങ്ങിയ ദേശായി ആദ്യ ഓവറില്‍ തന്നെ മൂന്ന് ഉത്തരാഖണ്ഡ് താരങ്ങളുടെ വിക്കറ്റ് വീഴ്തി. 15ാം ഓവറില്‍ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ദേശായി തന്റെ അഞ്ച് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി.

30 റണ്‍ നേടിയ ഉത്തരാഖണ്ഡ് ഓപ്പണര്‍ അവനീഷ് സുധയുടെയും അതിന് പുറകെ ആദിത്യാ താരെ, അഭയ് നേഗി, ഡി ധപോല എന്നിവരുടെ വിക്കറ്റുകളും നേടി ഇന്നിങ്സിലേ ആദ്യ ഒമ്പത് പേരേയും ദേശായി തിരികെ ഡ്രസ്സിങ് റൂമിലേക്ക് മടക്കി. എന്നാല്‍ അവസാന വിക്കറ്റ് സഹതാരം വിശാല്‍ എടുത്തതിനാല്‍ ഇന്നിങ്സിലേ പത്ത് വിക്കറ്റും നേടുന്ന അപൂര്‍വ നേട്ടം താരത്തിന് നഷ്ടമായി.

ദേശായിക്ക് പത്ത് വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ സീസണിലെ രണ്ടാമത്തെ പത്ത് വിക്കറ്റ് നേട്ടം ആയേനെ. നേരത്തെ ഹരിയാനയുടെ ഫാസ്റ്റ് ബോളര്‍ അന്‍ഷുല്‍ കംബോജ് ഇന്നിങ്സിലേ പത്ത് വിക്കറ്റും നേടി, ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യക്കാരന്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ കേരളത്തിനെതിരെ ആയിരിന്നു കെബോജിന്റെ പത്ത് വിക്കറ്റ് നേട്ടം.