അഡ്‌ലൈഡ്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പതറിയ ദിവസമായിരുന്നു ഇന്ന്. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റെ ചിറകിലേറി 157 റണ്‍സിന്റെ ലീഡാണ് ഓസ്‌ട്രേലിയ നേടിയത്. ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപരത്തുകയായിരുന്നു ഹെഡ്. 141 പന്ത് നേരിട്ട് 140 റണ്‍സാണ് ഹെഡ് സ്വന്തമാക്കി.

ഇന്നത്തെ മത്സരത്തിലും ഹെഡ് ഇന്ത്യന്‍ ബൗളര്‍മാരെയും ഫീല്‍ഡിങ്ങിനെയും വെള്ളം കുടിപ്പിച്ചു. ആദ്യമൊക്കെ ശ്രദ്ധയോടെ നീങ്ങിയ ഹെഡ് താളം കണ്ടെത്തിയതിന് ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തലവേദനയകുകയയായിരുന്നു. ആക്രമിച്ച് കളിച്ച ട്രാവിസ് ഹെഡ് തന്റെ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കി. സെഞ്ച്വറിക്ക് ശേഷം സ്‌കോറിങ് ഹെഡ് ഇരട്ടിവേഗത്തിലാക്കി. 17 ഫോറും നാല് സിക്‌സറുമടിച്ചാണ് ഹെഡ് വെടിക്കെട്ട് ഇന്നിങ്‌സ് പുറത്തെടുത്തത്. ഇന്നത്തെ ദിനം മുഴുവന്‍ ബൗളിങ്ങില്‍ താളം കണ്ടെത്താന്‍ വിഷമിച്ചിരുന്ന മുഹമ്മദ് സിറാജാണ് ഹെഡിനെ പുറത്താക്കിയത്.

മത്സരത്തിന്റെ 82ാം ഓവറിലെ ആദ്യ പന്തില്‍ സിറാജിനെ ബൗണ്ടറി കടത്തിയ ഹെഡ് മൂന്നാം പന്തില്‍ സിക്‌സറിനും പറത്തി. എന്നാല്‍ അടുത്ത പന്തില്‍ ഹെഡിനെ ഫുള്‍ടോസ് എറിഞ്ഞുകൊണ്ട് സിറാജ് ബൗള്‍ഡാക്കി. ഔട്ടാക്കിയതിന് ശേഷം വളരെ അഗ്രസീവായിട്ടായിരുന്നു സിറാജ് ആഘോഷിച്ചത്. ഹെഡ് തിരിച്ചും സിറാജിനോട് എന്തോ പിറുപിറുത്തു സിറാജ് തിരിച്ച് കൈ വെച്ച് ഒരു ആംഗ്യവും കാണിച്ചു. അഡ്‌ലെയഡിലെ നിറഞ്ഞ കാണികള്‍ ട്രാവിസ് ഹെഡിന് വേണ്ടി കയ്യടികള്‍ നല്‍കി പറഞ്ഞയച്ചപ്പോള്‍ തൊട്ടടുത്ത നിമിഷം സിറാജിനെ അവര്‍ കൂവി വിളിക്കുകയും ചെയ്തു.


അടുത്ത ഓവറില്‍ പന്ത് ഫീല്‍ഡിങ് നില്‍ക്കുന്ന സിറാജിന്റെ കയ്യിലെത്തിയപ്പോഴും കാണികള്‍ കൂവി. സെഞ്ച്വറി തികച്ച അഡ്‌ലെയ്ഡിന്റെ തന്നെ താരത്തിന് നിങ്ങള്‍ സെന്റ് ഓഫ് നല്‍കിയാല്‍ കൂവലുകള്‍ കിട്ടുന്നത് സ്വഭാവികമാണെന്ന് മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.