- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ബാറ്റ്സ്മാൻ ഇനി പരീക്ഷാ ഹാളിലേക്ക്; പത്താം ക്ലാസ് പരീക്ഷാ ചൂടിൽ 14-കാരൻ വൈഭവ് സൂര്യവംശി

പട്‌ന: അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച 14 വയസ്സുകാരൻ വൈഭവ് സൂര്യവംശി ക്രിക്കറ്റ് മൈതാനത്തുനിന്ന് പത്താം ക്ലാസ് ബോർഡ് പരീക്ഷാ ചൂടിലേക്ക്. ലോകകപ്പ് നേടിയതിന്റെ ആവേശം കെട്ടടങ്ങും മുമ്പേ, ഈ മാസം 17-ന് ആരംഭിക്കുന്ന പരീക്ഷകൾക്കുള്ള ഒരുക്കത്തിലാണ് ഈ യുവതാരം. സമസ്തിപ്പൂരിലെ പോഡർ ഇന്റർനാഷണൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് താരം.
ലോകകിരീടം നേടിയതിന്റെ പേരിൽ പ്രത്യേക പരിഗണനകളൊന്നും നൽകില്ലെന്ന് സ്‌കൂൾ പ്രിൻസിപ്പൽ നീൽ കിഷോർ വ്യക്തമാക്കി. മറ്റ് കുട്ടികൾക്കുള്ള എല്ലാ നിയമങ്ങളും വൈഭവിനും ബാധകമാണെന്ന് അദ്ദേഹം അറിയിച്ചു. "ഇതൊരു അക്കാദമിക് പിച്ചാണ്, ക്രിക്കറ്റ് പിച്ചല്ല. അതിനാൽ അതിന്റേതായ ഗൗരവം വിഷയത്തിനുണ്ട്," പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
പത്താം ക്ലാസ് ബോർഡ് എക്‌സാമിനുള്ള അഡ്മിറ്റ് കാർഡ് വൈഭവ് നേരിട്ട് കൈപ്പറ്റിയിട്ടുണ്ട്. താരത്തിന്റെ സ്‌കൂളിലേക്കുള്ള തിരിച്ചു വരവ് അധ്യാപകരിലും രക്ഷിതാക്കളിലും സഹപാഠികളിലുമെല്ലാം ആവേശം നിറയ്ക്കുന്നുണ്ടെങ്കിലും, വൈഭവ് ഇപ്പോൾ ഒരു വിദ്യാർത്ഥിയാണെന്നും പരീക്ഷ എഴുതാനാണ് വരുന്നതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
അടുത്തിടെ സമാപിച്ച ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചത്. 15 സിക്സറുകളും 15 ഫോറുകളും സഹിതം 175 റൺസ് അടിച്ചുകൂട്ടിയ വൈഭവിന്റെ മികവിൽ ഇന്ത്യ 400-ൽ അധികം സ്കോർ നേടുകയും ഇംഗ്ലണ്ടിനെ കീഴടക്കി ആറാം തവണയും അണ്ടർ 19 ലോകകിരീടം ഉയർത്തുകയും ചെയ്തു.
മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരങ്ങളുടെ പട്ടികയിൽ 439 റൺസുമായി വൈഭവ് രണ്ടാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളിൽ നിന്ന് 62.71 ശരാശരിയിലും 170 സ്ട്രൈക്ക് റേറ്റിലുമാണ് താരം റൺസ് വാരിക്കൂട്ടിയത്. ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളും ഈ 14 വയസ്സുകാരൻ ലോകകപ്പിൽ സ്വന്തമാക്കി. ലോകകപ്പിലാകെ 30 സിക്സറുകളാണ് വൈഭവ് അടിച്ചെടുത്തത്. ഒരു അണ്ടർ 19 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും താരം ഇതോടെ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസിന്റെ (18 സിക്സറുകൾ) റെക്കോർഡാണ് വൈഭവ് തിരുത്തിക്കുറിച്ചത്.


