- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിക്കെട്ടോടെ തുടക്കം; പിന്നാലെ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര; 5 വിക്കറ്റുമായി ജസ്പ്രീത് ബുമ്ര; ആദ്യ ഇന്നിംഗ്സിൽ പ്രോട്ടീസ് 159 റൺസിന് പുറത്ത്; കുൽദീപിനും സിറാജിനും രണ്ട് വിക്കറ്റ്
കൊൽക്കത്ത: ഇന്ത്യയ്‌ക്കെതിരായ കൊൽക്കത്ത ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ജസ്പ്രീത് ബുമ്രയുടെ മികച്ച ബൗളിംഗാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ചക്ക തുടക്കം നൽകിയത്. 14 ഓവറിൽ വെറും 27 റൺസ് മാത്രം വഴങ്ങി ബുമ്ര അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവിനും മുഹമ്മദ് സിറാജിനും രണ്ട് വിക്കറ്റുകൾ വീതവും അക്സർ പട്ടേലിന് ഒരു വിക്കറ്റും ലഭിച്ചു. 31 റൺസെടുത്ത ഓപ്പണർ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. റിയാൻ റിക്കിൾടൺ 23 റൺസും വിയാൻ മുൾഡർ 24 റൺസും നേടി പുറത്തായി. 15 റൺസുമായി ട്രിസ്റ്റൻ സ്റ്റബ്സ് പുറത്താകാതെ നിന്നു.
ഓപ്പണിംഗ് വിക്കറ്റിൽ റിയാൻ റിക്കിൾടൺ-എയ്ഡൻ മാർക്രം സഖ്യം 10.3 ഓവറിൽ 57 റൺസെടുത്ത് മികച്ച തുടക്കം നൽകിയിരുന്നു. ബുമ്രയെ കരുതലോടെ നേരിട്ട അവർ സിറാജിനെയും അക്സർ പട്ടേലിനെയും ശിക്ഷിച്ചതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. എന്നാൽ, ബുമ്ര തന്റെ രണ്ടാം സ്പെല്ലിൽ ഓപ്പണർമാരെ ഇരുവരെയും പുറത്താക്കി കളി ഇന്ത്യക്ക് അനുകൂലമാക്കി. 22 പന്തിൽ 23 റൺസെടുത്ത റിയാൻ റിക്കിൾടണെ ബൗൾഡാക്കിയ ബുമ്ര, അടുത്ത ഓവറിൽ ഏയ്ഡൻ മാർക്രത്തെ (31) വിക്കറ്റിന് പിന്നിൽ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഇരട്ട പ്രഹരമേൽപ്പിച്ചു.
പിന്നാലെ വന്ന ക്യാപ്റ്റൻ ടെംബ ബാവുമയെ കുൽദീപ് യാദവ് ഷോർട്ട് ലെഗ്ഗിൽ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ചു. 14 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക പതറി. പിന്നീട് വിയാൻ മുൾഡറും ടോണി ഡി സോർസിയും ചേർന്ന് ടീമിനെ 100 കടത്തിയെങ്കിലും, ലഞ്ചിന് ശേഷം കുൽദീപ് യാദവ് വിയാൻ മുൾഡറെയും (24) ബുമ്ര ടോണി ഡി സോർസിയെയും (24) പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 120-5 എന്ന നിലയിലേക്ക് വീണു.
രണ്ടാം സെഷനിൽ തിരിച്ചെത്തിയ മുഹമ്മദ് സിറാജ് കെയ്ല്‍ വെരിയെന്നെ (16) പുറത്താക്കി. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കയുടെ മറ്റ് വിക്കറ്റുകളും വീഴുകയായിരുന്നു. മാര്‍ക്കോ യാന്‍സനെ(0) സിറാജ് ബൗള്‍ഡാക്കി. ചായക്ക് തൊട്ടു മുമ്പ് കോര്‍ബിന്‍ ബോഷ്(3) വീണു. അക്ഷർ പട്ടേലിനായിരുന്നു വിക്കറ്റ്. ചായക്ക് ശേഷം തന്‍റെ രണ്ടാം ഓവറില്‍ സൈമണ്‍ ഹാര്‍മറെ ബൗള്‍ഡാക്കിയ ബുമ്ര കേശവ് മഹാരാജിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് അവസാനിച്ചു.




