ജൊഹാനസ്ബർഗ്: ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ക്വിന്റൺ ഡി കോക്ക്. അടുത്ത മാസം പാക്കിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ താരം കളിക്കും. 2023 ഏകദിന ലോകകപ്പിന് ശേഷം 30-ാം വയസ്സിൽ ഡി കോക്ക് ഏകദിന ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ദക്ഷിണാഫ്രിക്കക്കായി 155 ഏകദിനങ്ങളിൽ കളിച്ച ഡി കോക്ക് 45.74 ശരാശരിയിൽ 21 സെഞ്ചുറികൾ ഉൾപ്പെടെ 6770 റൺസ് നേടിയിട്ടുണ്ട്. ഏകദിന ടീമിന് പുറമെ പാകിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഡി കോക്കിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിലാണ് അദ്ദേഹം ദക്ഷിണാഫ്രിക്കക്കായി അവസാനമായി കളിച്ചത്. 2021-ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് താരം വിരമിച്ചിരുന്നു.

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ മാത്യു ബ്രീറ്റ്‌സ്‌കെ ക്യാപ്റ്റനായി ടീമിനെ നയിക്കും. ടെംബ ബാവുമക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഈ മാറ്റം. പരിക്കേറ്റ താരം ആറ് മുതൽ എട്ട് ആഴ്ചയോളം പുറത്തായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടി20 പരമ്പരക്ക് ഡേവിഡ് മില്ലർ ക്യാപ്റ്റനായിരിക്കും. പാകിസ്താനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ, മൂന്ന് ഏകദിന മത്സരങ്ങൾ, മൂന്ന് ടി20 മത്സരങ്ങൾ എന്നിവയാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്.

ഇതിന് പുറമെ നമീബിയക്കെതിരെ ഒരു ടി20 മത്സരവും കളിക്കും. ഒക്ടോബർ 11-ന് നമീബിയക്കെതിരായ മത്സരം നടക്കും. ഒക്ടോബർ 12-ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയോടെയാണ് പാകിസ്താനെതിരായ മത്സരങ്ങൾ തുടങ്ങുന്നത്. ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം ഒക്ടോബർ 28, 31, നവംബർ 1 തീയതികളിൽ ടി20 മത്സരങ്ങളും നവംബർ 4, 6, 8 തീയതികളിൽ ഏകദിന മത്സരങ്ങളും നടക്കും.